ഒരുപാട് ചിരിക്കുകയും അതിലേറെ ചിരിപ്പിക്കുകയും ചെയ്ത സുബി സുരേഷിൻറെ വിയോഗം വരുത്തി വച്ച ഞെട്ടലിലാണ് കലാ കേരളം. രണ്ടു പതിറ്റാണ്ടിൽ അധികമായി മലയാളിക്ക് സുബി എന്നാൽ നിറചിരിയായിരുന്നു. അപ്രതീക്ഷിതമായി നിലച്ചത് ആ ചിരിയാണ്.
സുബി കലാ ലോകത്തേക്ക് കടന്നു വരുന്നത് തന്നെ ഒരു ഡാൻസറായാണ്. പിന്നീട് ഹാസ്യ രംഗത്തേക്ക് ചുവട് മാറ്റുകയായിരുന്നു. പഠിക്കുമ്പോൾ തന്നെ മികച്ച ഡാൻസർ ആയിരുന്നു സുബി. സുബിയുടെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹം ഒരു പട്ടാളക്കാരി ആകണം എന്നതായിരുന്നു. എൻ സി സി ഉള്ളതു കൊണ്ടാണ് പഠനത്തിന് സെന്റ് തെരേസ കോളേജ് സുബി തിരഞ്ഞെടുക്കുന്നതും.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ കേരളത്തെ പ്രതിനിധീകരിച്ച് റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കാന്‍ സുബി ഡൽഹിയിൽ പോയിട്ടുണ്ട്. മാത്രമല്ല എൻ സി സി യുടെ ഓൾ കേരള കമാൻഡർ കൂടി ആയിരുന്നു സുബി. പക്ഷേ സുബിയുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നത് ബ്രേക്ക് ഡാൻസ് ആണ്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ സുബിയുടെ ഡാൻസ് കണ്ട ടിനി ടോം ആണ് സുബിയെ സിനിമാല ടീമിന് പരിചയപ്പെടുത്തി കൊടുക്കുന്നത്. സിനിമാലയിൽ ശ്രദ്ധിക്കപ്പെടുന്നതോടെ പട്ടാളക്കാരി ആകണം എന്ന സ്വപ്നം സുബി ഉപേക്ഷിച്ചു. പിന്നീട് വർഷങ്ങളോളം മിനിസ്ക്രീനിലെ നിറ സാന്നിധ്യമായിരുന്നു സുബി.
മിനി സ്ക്രീനിൽ നിന്ന് പിന്നീട് സുബി സിനിമയിലും എത്തി. നിരവധി സിനിമകളിലും സുബി വേഷമിട്ടു. മിനി സ്ക്രീനില്‍ അവതാരകയായും സുബി ഏറെ ശ്രദ്ധ പിടിച്ചു പറ്റി. ഫെബ്രുവരില്‍ തന്‍റെ വിവാഹം ഉണ്ടാകുമെന്ന് ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ സുബി പറഞ്ഞിരുന്നു. വിവാഹ സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് സുബി മരണപ്പെടുന്നത്.