മലയാളികളുടെ പ്രിയപ്പെട്ട അമ്മ മുഖങ്ങളിൽ ഒന്നാണ് സുകുമാരി. എല്ലാത്തരം വേഷങ്ങളും ഇണങ്ങുന്ന അപൂർവ്വം ചില കലാകാരിമാരിൽ ഒരാളാണ് അവർ. അമ്മ മാത്രമല്ല വില്ലൻ വേഷങ്ങളും കോമഡി കഥാപാത്രങ്ങളും അവരുടെ കൈകളിൽ ഭദ്രമായിരുന്നു. ചെന്നൈയിലെ വീട്ടിലുള്ള പൂജാ മുറിയിൽ വച്ച് പൊള്ളലേറ്റ് ചികിത്സയിലിരിക്കുന്നതിനിടെയാണ് അവർ മരണത്തിന് കീഴടങ്ങുന്നത്. സുകുമാരിയെ കുറിച്ച് പ്രമുഖ നിർമ്മാതാവ് കിരീടം ഉണ്ണി പറഞ്ഞ വാക്കുകൾ സുകുമാരി എന്ന വ്യക്തിയുടെ സ്വഭാവത്തിലെ നന്മ വിളിച്ചോതുന്നു.
തൻറെ ഒന്നോ രണ്ടോ ചിത്രങ്ങൾ ഒഴിച്ച് എല്ലാ സിനിമകളിലും സുകുമാരി അഭിനയിച്ചിട്ടുണ്ട്. ആധാരത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. സുകുമാരിയെ വച്ച് ഒരു സിനിമ നിർമ്മിക്കുക എന്ന് പറയുന്നത് ഒരു നിർമ്മാതാവിനും അത്ര ടെന്ഷന്‍ ഉണ്ടാക്കുന്ന കാര്യമല്ല എന്ന് അദ്ദേഹം പറയുന്നു. ഏതു സെറ്റിൽ ആണെങ്കിലും അവർ പറഞ്ഞ സമയത്ത് തന്നെ എത്തും. എടുക്കാനുള്ള രംഗങ്ങളെ കുറിച്ച് സംവിധായകനും പ്രൊഡ്യൂസറുമായി സംസാരിക്കും. സുകുമാരി വരുന്നതോ പോകുന്നതോ സെറ്റിലുള്ള സംവിധായകനോ മറ്റുള്ളവര്‍ക്കോ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാറില്ല.
ഒരു സെറ്റ് വളരെ കൃത്യമായി മാനേജ് ചെയ്യാൻ അവർക്കറിയാം. അവർക്ക് അങ്ങോട്ടു കൊടുക്കുന്ന ബഹുമാനത്തേക്കാൾ കൂടുതൽ അവർ ഇങ്ങോട്ട് നൽകും. ഇത് സാധാരണ എല്ലാവരിലും കാണുന്ന കാര്യമല്ല. ഒരു സെറ്റിലെ പ്രൊഡക്ഷൻ ബോയ്സിന്റെ ഒപ്പം ഇരുന്ന് അവർക്ക് വിളമ്പി കൊടുക്കുന്നതിനും അവരുടെ കാര്യങ്ങൾ നോക്കുന്നതിനും സുകുമാരി ഉണ്ടാവും. എല്ലാ കാര്യങ്ങളിലും അവർ ഓടി നടക്കും. തിരുവനന്തപുരത്തു നിന്ന് പൊള്ളാച്ചിയിലേക്കും പൊള്ളാച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കും ഓടി നടന്ന് അഭിനയിക്കുന്നത് എങ്ങനെയാണെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്ന് കിരീടം ഉണ്ണി പറയുന്നു.