ക്രിസ്റ്റി എന്ന ചിത്രത്തിൻറെ പ്രചാരണത്തിന്റെ ഭാഗമായി ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ ജനങ്ങളെ ദ്രോഹിക്കുന്ന പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്ത്.
മന്ത്രിമാർ ജനങ്ങളെയാണ് ബഹുമാനിക്കേണ്ടത്. ജനങ്ങളുടെ നികുതിപ്പണം വാങ്ങിയാണ് അവർ കാറിനു ഡീസൽ അടിക്കുന്നതും പറന്നു പോകുന്നതും, ജോയ് മാത്യു പറഞ്ഞു . മുഖ്യമന്ത്രിക്ക് സുരക്ഷ നൽകുന്നതിന്റെ പേരിൽ ഒരു കുട്ടിക്ക് മരുന്നു വാങ്ങാൻ കഴിഞ്ഞില്ല എന്നത് വളരെ ക്രൂരമായ ഒരു ഏർപ്പാടാണ്. ആ സ്ഥാനത്ത് താന്‍ ആയിരുന്നു എങ്കിൽ ഒരു കല്ല് എങ്കിലും എടുത്ത് എറിയുമായിരുന്നു. ബാക്കി വരുന്നത് പിന്നെ നോക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
റോഡ് മുഴുവൻ ബ്ലോക്ക് ചെയ്തതിനു ശേഷം 40 ഓളം കാറുകൾ അകമ്പടി പോകുന്നു. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് എന്നാണ് പറയുന്നത്. അത് കേൾക്കുമ്പോൾ തന്നെ ചിരിയാണ് വരുന്നത് . കമ്മ്യൂണിസം ഇല്ലാത്ത ഒരു സാധനം ഉണ്ടെന്ന് പറയുന്ന ആൾക്കാരാണ് അവർ. ഏത് രാഷ്ട്രീയ പാർട്ടി ആണെങ്കിലും തുടരെത്തുടരെ ഭരണം ലഭിച്ചാൽ ഫാസിസം ഉണ്ടാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിപക്ഷം എന്ന് പറയുന്നത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി അല്ല. ഇന്ന് ഓരോ മനുഷ്യനും പ്രതിപക്ഷമാണ്. അതുകൊണ്ടാണ് ശരികേടുകൾ ചോദ്യം ചെയ്യാൻ പറ്റുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ സാധാരണ മനുഷ്യർ പോലും ഒറ്റയ്ക്ക് ഒരു പ്രതിപക്ഷം ആണെന്നും ജോയ് മാത്യു പറഞ്ഞു.