മുസ്ലിം ജനസംഖ്യ നിയന്ത്രിക്കുന്നതിന് പാശ്ചാത്യ രാജ്യങ്ങൾ ഗൂഢാലോചന നടത്തുന്നു… കോണ്ടം ഉൾപ്പെടെയുള്ള ഗർഭനിരോധന മാര്‍ഗങ്ങള്‍ നിരോധിച്ച് താലിബാൻ….

അഫ്ഗാനിസ്ഥാൻ ഇപ്പോൾ ഭരിക്കുന്നത് താലിബാന്‍ ഭരണകൂടമാണ്. കടുത്ത നിയന്ത്രണങ്ങളാണ് ഇതിന്‍റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം താലിബാന്‍  ഭരണകൂടം പുറപ്പെടുവിച്ച ഒരു ഉത്തരവ് അന്തർദേശീയ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറി. കോണ്ടം ഉൾപ്പെടെയുള്ള ഗർഭനിരോധന മാർഗങ്ങൾ പാശ്ചാത്യ രാജ്യങ്ങളുടെ ഗൂഢാലോചനയുടെ ഫലമാണെന്നും അതിലൂടെ മുസ്ലിം ജനസംഖ്യ നിയന്ത്രിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാനില്‍ കോണ്ടം ഉൾപ്പെടെയുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയിരിക്കുകയാണ് താലിബാൻ ഭരണകൂടം. സ്ത്രീ സമൂഹത്തിന്റെ മേലുള്ള കടന്നു കയറ്റമായാണ് ഇതിനെ നോക്കിക്കാണുന്നത്.  

ഇതിന്റെ ഭാഗമായി ഓരോ വീടുകളിലും നേരിട്ട് ചെന്ന് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയാണ് ഭരണകൂട അനുകൂലികൾ ഇപ്പോള്‍ ചെയ്യുന്നത്. മാത്രമല്ല രാജ്യത്തെ എല്ലാ ഫാർമസികളോടും ഗർഭനിരോധന മരുന്നുകളോ ഉപകരണങ്ങളോ വിൽക്കരുതെന്നും കർശനമായ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുമുണ്ട്. തോക്കിന്‍റെ മുനയിൽ നിർത്തി കയ്യൂക്കിന്റെ ബലത്തിലാണ് ഈ കാടൻ നിയമം ഗവൺമെൻറ് നടപ്പാക്കുന്നത് എന്നതാണ് ഏറെ വിചിത്രം.

Screenshot 1315

ഇത് സ്ത്രീകളുടെ അവകാശത്തിന്മേൽ നടത്തുന്ന കടന്നു കയറ്റുമാണെന്നും രാജ്യ വ്യാപകമായി ഇതിനെതിരെ പ്രതിഷേധം ഉയരണമെന്നും അന്തർദേശീയ മാധ്യമങ്ങൾ ഉള്‍പ്പടെ റിപ്പോർട്ട് ചെയ്തിരുന്നു. 

താലിബാൻ അഫ്ഗാനിസ്ഥാന്റെ അധികാരത്തിലെത്തിയപ്പോൾ തന്നെ സ്ത്രീകൾക്ക് കടുത്ത നിയന്ത്രണമാണ് രാജ്യത്ത് നടപ്പിലാക്കിയത്. സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസം നിരോധിച്ചു. സ്ത്രീകൾക്കായുള്ള യൂണിവേഴ്സിറ്റികൾ മുഴുവൻ അടച്ചു പൂട്ടി. ലോക വ്യാപകമായി കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. ഇതിനിടെയാണ് തികച്ചും സ്ത്രീ വിരുദ്ധമായ ഈ നടപടി ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.