പ്രേമം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്ന നടിയാണ് അനുപമ പരമേശ്വരന്‍. അനുപമ പ്രേമത്തിൽ അവതരിപ്പിച്ച മേരി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് നിരവധി കഥാപാത്രങ്ങള്‍ നടിയെ തേടിയെത്തി. ഇന്ന് മലയാളത്തില്‍ മാത്രമല്ല വിവിധ ഭാഷകളിലും അനുപമ സജീവമാണ്. പ്രേമത്തില്‍ ഒരു ഓഡിഷനിലൂടെയാണ് അനുപമയെ സെലക്ട് ചെയ്യുന്നത്. ഈ അനുഭവം നടി അടുത്തിടെ തുറന്നു പറയുകയുണ്ടായി.
രണ്ടു ദിവസമായിരുന്നു പ്രേമത്തിന്റെ ഓഡിഷൻ ഉണ്ടായിരുന്നത്. അതിൽ പ്രധാനമായും സെൽഫ് ഇൻട്രൊഡക്ഷൻ , പാട്ടു പാടുക , ഡാൻസ് കളിക്കുക തുടങ്ങിയവ ഒക്കെയായിരുന്നു ലഭിച്ചിരുന്ന ടാസ്ക്. ആ രണ്ടു ദിവസവും തന്നെ അവരെല്ലാവരും റാഗ് ചെയ്തുവെന്ന് അനുപമ പറയുന്നു.
ആദ്യത്തെ ഓഡിഷനിൽ ചെന്നപ്പോൾ ഒരു ചെറിയ പണി കിട്ടിയിരുന്നു. നേരം സിനിമ കണ്ടോ എന്ന് അവർ ചോദിച്ചു . എന്നാൽ താന്‍ ആ ചിത്രം കണ്ടിട്ടില്ലായിരുന്നു. അപ്പോൾ എല്ലാവരും അതിന്റെ പേരില്‍ ഒരുപാട് കളിയാക്കി . ഭയങ്കര ജാഡ ആണെന്നും അഹങ്കാരി ആണെന്നും അതുകൊണ്ട് അവിടെ നിന്നും ഇറങ്ങി പോകാനുമൊക്കെ പറഞ്ഞു. ഇത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.
രണ്ടാമത്തെ ദിവസം ഓഡിഷന് ചെന്നപ്പോൾ ഈ വിവരങ്ങളെല്ലാം അവർ നിവിൻ പോളിയോട് പറഞ്ഞിരുന്നു. അപ്പോൾ നിവിൻ തന്നെ അവിടെ നിന്നും ഗെറ്റ് അടിച്ചെന്നു അനുപമ പറയുന്നു. ആ നിമിഷം ഹൃദയം ഉടഞ്ഞു പോയതു പോലെ തോന്നി. പിന്നീട് പോയി നേരം ഒരു 10 പ്രാവശ്യം കണ്ടതിനു ശേഷം ആണ് താൻ അവരുടെ മുന്നിലേക്ക് പോകുന്നതെന്ന് അനുപമ പറയുന്നു.