വിനീത് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു അഭിനവ് സുന്ദർ നായിക് സംവിധാനം ചെയ്തു തീയേറ്ററിൽ എത്തിയ ചിത്രമാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. മികച്ച വിജയം നേടിയെങ്കിലും ഈ ചിത്രം കൂടുതലായി നെഗറ്റീവ് മാത്രം പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വലിയൊരു വിഭാഗം വിമർശനം ഉന്നയിച്ചിരുന്നു. ചിത്രം പറഞ്ഞത് ഒരു വില്ലന്റെ കഥയാണെന്നും നന്മയുടെ ഒരശം പോലും ഈ ചിത്രത്തിൽ ഇല്ല എന്നുമായിരുന്നു വിമർശിക്കുന്നവർ പ്രധാനമായും ഉന്നയിച്ച ആരോപണം. എന്നാൽ മുകുന്ദൻ ഉണ്ണി പറഞ്ഞത് ഇന്നത്തെ കാലഘട്ടത്തിൻറെ കഥയാണ് എന്നും അതുകൊണ്ടുതന്നെ ഇന്നത്തെ കാലഘടത്തില്‍ നന്മ എന്നത് എഴുത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നാണ് എന്നും ചിത്രത്തെ അനുകൂലിക്കുന്നവർ തിരിച്ചടിച്ചു. ഇപ്പോഴിതാ ഈ ചിത്രം കണ്ടതിനു ശേഷം നടി ഊർമ്മിള ഉണ്ണി പങ്കു വെച്ച വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് ഊർമ്മിള ഉണ്ണി ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.
മുകുന്ദൻ ഉണ്ണി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ചിത്രമാണ് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല എന്ന് ഊർമ്മിള ഉണ്ണി തുറന്നു സമ്മതിക്കുന്നു. താൻ ഈ ചിത്രം കാണുന്നത് ഓ ടി ടി യിലാണ്. ചിത്രം കണ്ടുകൊണ്ടിരിക്കുന്നതിനിടെ വെള്ളം കുടിക്കാൻ പോലും എഴുന്നേറ്റു പോയിട്ടില്ല. അത് തന്നെയാണ് ഒരു സിനിമയുടെ വിജയം. എന്നാല്‍ ആരോടും നന്ദി പറയാൻ ഇല്ല എന്ന് പറഞ്ഞത് വളരെ നെഗറ്റീവ് ആയിപ്പോയി. എന്നാല്‍ അതിനു ശേഷം ചിത്രം വളരെ തമാശയായ ഒരു ഷോട്ടിലേക്ക് പോയി എന്നും ചിത്രം തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും ഊർമ്മിള ഉണ്ണി അഭിപ്രായപ്പെട്ടു.