പത്മരാജൻ സംവിധാനം ചെയ്ത പെരുവഴി അമ്പലം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന നടനാണ് അശോകൻ. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി അശോകന്‍ മാറി. അസാമാന്യ അഭിനയപാഠവമുള്ള ഒരു നടൻ ആയിരുന്നിട്ട് കൂടി പ്രതീക്ഷിച്ചത്ര ഉയരത്തിൽ അദ്ദേഹം എത്തിയില്ല. അശോകൻ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം ലിജോ ജോസ്, മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നന്പകല്‍ നേരത്തു മയക്കമാണ്. ചിത്രത്തിലെ അശോകന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ ഒരു ടെലിവിഷൻ ചാനലിൽ അതിഥിയായി എത്തിയപ്പോൾ തൻറെ അമ്മയെ കാണാതായ അനുഭവം അശോകൻ പങ്കു വയ്ക്കുകയുണ്ടായി.
വളരെ വർഷങ്ങൾക്കു മുൻപാണ് ഈ സംഭവം നടന്നത്. ഇന്ന് അമ്മ ഒപ്പമില്ല. അമ്മയ്ക്ക് അൽഷിമേഴ്സ് രോഗമായിരുന്നുവെന്ന് അശോകൻ പറയുന്നു. താൻ ഒരിക്കൽ ചെന്നൈയിൽ നിന്നും നാട്ടിലേക്ക് അമ്മയുടെ ഒപ്പം വരികയായിരുന്നു. അമ്മ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ എല്ലാം കയ്യിൽ ഉണ്ടായിരുന്നു. നേരത്തെ ഭക്ഷണം കഴിച്ച് മരുന്നുകളും കൊടുത്തു. ഉറങ്ങാനുള്ള മരുന്നായിരുന്നു അത്. ഈ രോഗമുള്ളവർക്ക് ഉറക്കത്തിൽ എണീറ്റ് നടക്കുന്ന ശീലം ഉണ്ട്. അതിനു കൊടുക്കുന്ന മരുന്നായിരുന്നു. മരുന്നു കഴിച്ചതിനു ശേഷം അമ്മ കിടക്കുകയും ചെയ്തു. താൻ മുകളിലും അമ്മ താഴെയും ആണ് കിടന്നത്. ഇടയ്ക്ക് അമ്മയുണ്ടോ എന്ന് എണീറ്റ് നോക്കിയിരുന്നു. എന്നാൽ എപ്പോഝോ അറിയാതെ ഉറങ്ങിപ്പോയി. കണ്ണു തുറന്നു നോക്കിയപ്പോള്‍ ട്രെയിൻ എവിടെയോ നിർത്തിയിട്ടിരിക്കുകയായിരുന്നു. തമിഴ്നാട്ടിൽ എവിടെയോ ആണ്. നോക്കുമ്പോൾ അമ്മ ട്രെയിനിൽ ഇല്ല. ആകെ ഞെട്ടിപ്പോയി. ട്രെയിൻ മുഴുവൻ നടന്നു നോക്കി എങ്കിലും അമ്മയെ കണ്ടില്ല. തന്റെ തൊട്ടപ്പുറത്തായി അമേരിക്കയിൽ നിന്നുള്ള ഒരു മലയാളി കുടുംബം ഉണ്ടായിരുന്നു, അവരെ നേരത്തെ തന്നെ പരിചയപ്പെട്ടിരുന്നു. രണ്ട് സ്ത്രീകൾ ആയിരുന്നു. നോക്കുമ്പോൾ അവർ അമ്മയെ ദൂരെ നിന്നും കൈപിടിച്ച് നടത്തിക്കൊണ്ടു വരുന്നത് കണ്ടു. ഡോർ തുറന്നു കിടക്കുകയായിരുന്നു. എവിടെയെങ്കിലും ഇറങ്ങിപ്പോയിരുന്നെങ്കിലോ എന്ന് ഭയന്നുപോയി. ആ സ്ത്രീകൾ കണ്ടതുകൊണ്ട് ഒന്നും സംഭവിച്ചില്ലന്നു,താന്‍ അവരെ പിന്നീട് കണ്ടിട്ടില്ലന്നു അശോകൻ പറയുന്നു.