ഇന്ദ്രൻസിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഹോമിലെ ഒലിവർ ട്വിസ്റ്റ്. എന്നാല്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം മനസ്സിൽ കണ്ടിരുന്നത് നടൻ ശ്രീനിവാസനെ ആയിരുന്നെന്ന് നിർമാതാവ് വിജയ് ബാബു പറയുന്നു. തൻറെ ഏറ്റവും പുതിയ ചിത്രമായ എങ്കിലും ചന്ദ്രികയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ശ്രീനിവാസനെ നിശ്ചയിച്ചതിനു ശേഷമാണ് അദ്ദേഹം സുഖമില്ലാതെ വന്നതോടെ കുറച്ചു നാളത്തേക്ക് സിനിമ ചെയ്യുന്നില്ല എന്ന് അറിഞ്ഞത്. അതോടെ ആ സിനിമ മാറ്റിവെക്കുകയായിരുന്നു. ശ്രീനിവാസൻ ഒക്കെ ആകുമ്പോൾ ചെയ്യാം എന്നാണ് തീരുമാനിച്ചിരുന്നത്.
നിരവധിപേർ നിരസിച്ച സിനിമയാണ് ഹോമെന്ന് വിജയ് ബാബു പറയുന്നു. മകൻറെ ക്യാരക്ടറും നേരത്തെ പലരും റിജക്ട് ചെയ്തിരുന്നു. അർജുൻ അശോകൻ ചെയ്യേണ്ടിയിരുന്ന ക്യാരക്ടറായിരുന്നു അത്. അർജുന് ആ സമയത്ത് ഡേറ്റ് ഇല്ലാത്തതിനാൽ ഒഴിവാക്കുകയായിരുന്നു. ആദ്യം അർജുനെ വെച്ച് അനൗൺസ് ചെയ്തതായിരുന്നു. അർജുൻ എത്തുന്നതിനു മുൻപും പലരും റിജക്ട് ചെയ്തിരുന്നു. ഹോം ഒരു പണിതീരാത്ത വീട് പോലെ പല കാരണങ്ങൾ കൊണ്ടും നീണ്ടുപോയി.
അങ്ങനെയിരിക്കെ കോവിഡിന്റെ പീക്കിൽ എത്തിയപ്പോൾ ഈ സിനിമ ഒരു അനിവാര്യതയായി തോന്നി. കാരണം ഒരു സമൂഹത്തിൻറെ അപ്പോഴത്തെ മൂഡ് എന്താണോ അതിന് യോജിക്കുന്ന ഒരു സിനിമ ചെയ്താൽ ആ സിനിമ കൂടുതൽ വിജയം വരിക്കുമെന്ന് വിജയ് ബാബു പറയുന്നു. ഹോം ഷൂട്ട് ചെയ്യാൻ തീരുമാനിച്ച സമയത്ത് ആ ചിത്രം ഒരു അനിവാര്യതയാണ് എന്ന് തോന്നി. അങ്ങനെ ഒരു ഘട്ടത്തിൽ ഇതിന് ആപ്റ്റ് ആയ ആളുകളെ കിട്ടിയാൽ ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു. അപ്പോൾ ലഭ്യമായ താരങ്ങൾ ആരൊക്കെയാണ് അവരെ വച്ച് ചെയ്യാമെന്നാണ് തീരുമാനിച്ചത്.
അങ്ങനെയാണ് കഥ ഇന്ദ്രൻസിനോട് പറഞ്ഞത്. ഇന്ദ്രൻസ് തന്നെ സംബന്ധിച്ച് ഒരു കമ്പനി ആർട്ടിസ്റ്റ് പോലെയാണ്. അദ്ദേഹം ഫാമിലിയാണ്. തൻറെ എല്ലാ സിനിമകളിലും അദ്ദേഹം ഉണ്ട്. തന്നെ സംബന്ധിച്ച് അദ്ദേഹം ലക്കി ആർട്ടിസ്റ്റ് ആണ്. അദ്ദേഹം കഥ കേട്ട് ഇഷ്ടപ്പെട്ടു. നായിക ആവാൻ ആദ്യം നിശ്ചയിച്ചിരുന്നത് ഉർവശിയെ ആയിരുന്നു. പക്ഷേ അവർ അപ്പോൾ ചെന്നൈയിൽ ആയിരുന്നു. നാട്ടിൽ വന്നാൽ 14 ദിവസം കോറന്‍റൈനില്‍ ഇരിക്കേണ്ടതായിട്ടുണ്ട്. അതോടെയാണ് മഞ്ജു പിള്ള എന്ന ഓപ്ഷൻ വയ്ക്കുന്നത്. മഞ്ജു തൻറെ കുടുംബ സുഹൃത്താണ്. പിന്നെ എല്ലാം വളരെ പെട്ടെന്ന് നടന്നു. കോവിഡ് ആയതുകൊണ്ട് വളരെ പ്രയാസപ്പെട്ട് ഷൂട്ട് ചെയ്ത ചിത്രമായിരുന്നു ഹോം എന്ന് വിജയ് ബാബു പറയുന്നു.