തമിഴ് സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ മോശം അനുഭവത്തെ കുറിച്ച് നടി അഞ്ജലി നായർ ഒരു ടെലിവിഷൻ ചാനൽ പരിപാടിയിൽ പങ്കെടുത്തപ്പോൾ തുറന്ന് സംസാരിച്ചു.
ഒരു തമിഴ് സിനിമയിൽ അഭിനയിച്ചപ്പോള്‍ ഒരു തമിഴ് നടൻ പ്രണയാഭ്യാര്ത്ഥന നടത്തിയിരുന്നു. അയാൾ ആ സിനിമയുടെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയായിരുന്നു. ഷൂട്ട് ഇല്ലാത്തപ്പോൾ പോലും സെറ്റിൽ വരുകയും പല കാര്യങ്ങളിലും ഇടപെടുകയും ചെയ്തു. തന്‍റെ ചേച്ചിയും നടിയാണ്, അവർ വിവാഹം കഴിച്ചു തമിഴ്നാട്ടിലേക്ക് പോയിരുന്നു. അതുപോലെ താനും അയാളെ പ്രണയിച്ചു തമിഴ്നാട്ടിലേക്ക് പോയാല്‍ എന്താണ് കുഴപ്പം എന്നാണ് അയാൾ ചോദിക്കുന്നത്.
അങ്ങോട്ടേക്ക് വിവാഹം കഴിച്ചു പോകാൻ തീരെ താല്പര്യം ഇല്ലാത്തതുകൊണ്ട് താന്‍ അത് നിരസിക്കുക ആയിരുന്നുവെന്ന് അഞ്ജലി പറയുന്നു. അച്ഛൻറെയും അമ്മയുടെയും ഒപ്പം ജീവിക്കണം എന്നാണ് ആഗ്രഹിച്ചിരുന്നത്. ഷൂട്ടിന് വേണ്ടി മാത്രം ചെന്നൈയിലേക്ക് പോയി എന്നല്ലാതെ ആ രീതികളോട് പൊരുത്തപ്പെടാൻ കഴിയുമായിരുന്നില്ല. പിന്നീട് അയാളെ കൊണ്ട് പല ഉപദ്രവങ്ങളും ഉണ്ടായി. താൻ അഭിനയിച്ച സിനിമകളുടെ സെറ്റിൽ വരുകയും ഭക്ഷണവും വെള്ളവും പോലും ഇല്ലാതെ മണിക്കൂറോളം തന്നെ നോക്കിയിരിക്കുകയും ഒക്കെ ചെയ്തു. ഒരിക്കല്‍ ട്രയിനില്‍ ഒപ്പം കയറി തള്ളിയിടാൻ ശ്രമിച്ചു, ബാഗ് എടുത്തു കൊണ്ടു പോയി. ഒടുവിൽ അയാളിൽ നിന്നും രക്ഷപെടാൻ വേണ്ടി പോലീസ് പ്രൊട്ടക്ഷൻ ചോദിക്കേണ്ട സ്ഥിതി വരെ എത്തിയെന്ന് അഞ്ജലി പറയുന്നു.
ട്രയിനില്‍ നിന്നും എടുത്തു കൊണ്ടുപോയ ബാഗ് അദ്ദേഹത്തിന്‍റെ സഹോദരി എത്തിച്ചു തരാമെന്നാണ് പിന്നീട് അറിയിച്ചത്. അനിയത്തി വിളിച്ചിട്ട് അവിടെ പോവുകയും ചെയ്തു. അയാൾ വീട്ടില്‍ ഇല്ലെന്നും മലേഷ്യയിലേക്ക് പോയി എന്നുമാണ് പറഞ്ഞത്. വീട്ടിലെത്തിയപ്പോൾ സിനിമയുടെ പോസ്റ്റർ കാണിച്ചു തരാം എന്ന് പറഞ്ഞു അകത്തേക്ക് വിളിച്ചിട്ട് അയാളുടെ അനിയത്തി പുറത്തുനിന്നും ഡോർ ലോക്ക് ചെയ്തു. അയാൾ ഒരു വില്ലനെപ്പോലെ അകത്തുണ്ടായിരുന്നു. അയാൾ കയ്യിൽ കരുതിയ വടികൊണ്ട് മുട്ടിനടിച്ചു. അയാളുടെ കൈവശം ഒരു കത്തി ഉണ്ടായിരുന്നു. അതോടെ ജീവിതം എന്നന്നേക്കുമായി അവസാനിച്ചു എന്ന് കരുതി. മരിച്ചു പോകുമെന്ന് പോലും തോന്നിപ്പോയി. അമ്മയും മറ്റുള്ളവരും പുറത്തുനിൽപ്പുണ്ടായിരുന്നു എങ്കിലും ഒച്ച വയ്ക്കാൻ പോലും ഭയം തോന്നി. ഇനിയുള്ള സിനിമകളിൽ താൻ നായിക ആകാം എന്ന് സമ്മതിച്ച് ചില മുദ്രപത്രങ്ങളിൽ അയാൾ ഒപ്പിട്ടു വാങ്ങി. ഒരു പ്രണയലേഖനവും എഴുതിപ്പിച്ചു. ഫോൺ കയ്യിൽ കിട്ടിയപ്പോഴാണ് അമ്മയെ വിളിക്കുന്നത്. അയാളുടെ പിടിയിൽ നിന്നും അങ്ങനെയാണ് താൻ രക്ഷപ്പെട്ടതെന്ന് അഞ്ജലി പറയുന്നു.