പ്രത്യേകിച്ച് ഒരു ചട്ടക്കൂടിലും ഒതുക്കാൻ കഴിയാത്ത അപൂർവ്വം ചില അഭിനയേത്രികളിൽ ഒരാളാണ് ഉർവശി. നായികയായിരിക്കുമ്പോൾ തന്നെ കോമഡി വേഷങ്ങളും നെഗറ്റീവ് കഥാപാത്രങ്ങളും അവർ അവതരിപ്പിച്ചിട്ടുണ്ട്. ഒരു നായകന്റെയും നിഴൽ ആയി ഉർവശി മാറിയിട്ടില്ല. ഇമേജ് നോക്കാതെ എല്ലാ അഭിനേതാക്കളുടെയും നായികയായി ഉർവശി തിളങ്ങി. ഉർവശി യഥാർത്ഥത്തിൽ ഒരു സംവിധായകൻറെ ഇഷ്ടമനുസരിച്ച് രൂപപ്പെടുത്താൻ കഴിയുന്ന ഒരു മികച്ച നടി മാത്രമായിരുന്നു. അതല്ലാതെ സ്റ്റാർ വാല്യൂ ഉയർത്തിപ്പിടിച്ചു മാത്രം അഭിനയിക്കുന്ന നായിക ആയിരുന്നില്ല അവർ. ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ അവർ തന്നെ പറയുകയുണ്ടായി.
താൻ ഒരിക്കലും ഒരു നടന്റെയും നായിക മാത്രമായിരുന്നില്ല എന്ന് ഉർവശി പറയുന്നു. താൻ സംവിധായകരുടെ ഹീറോയിനായിരുന്നു. തനിക്ക് തന്റെ കാര്യം മാത്രം നോക്കിയാൽ മതിയായിരുന്നു. ആരെങ്കിലും പിറകിൽ നിന്ന് തന്നെ വേണ്ട എന്ന് പറഞ്ഞാൽ അത് ഒരിക്കലും ശ്രദ്ധിക്കാറില്ല. താൻ സഹകരിക്കുന്നതുകൊണ്ട് ഒരു സിനിമ വിജയിക്കണമെന്ന് മാത്രമേ എപ്പോഴും ചിന്തിച്ചിട്ടുള്ളൂ. അതിനുമപ്പുറം ആ സിനിമ കൊണ്ട് തനിക്ക് മാത്രം ഗുണം ഉണ്ടാകണമെന്ന് ചിന്തിച്ച് ഒരു സിനിമയിൽ പോലും ഇതുവരെ അഭിനയിച്ചിട്ടില്ല എന്ന് ഉർവശി പറയുന്നു.
ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ ഹീറോ ആരാണെന്ന് ഒരിക്കലും ചോദിക്കാറില്ല. തന്നെക്കാൾ നല്ല റോള്‍ ഈ ചിത്രത്തിൽ വേറെ ആരെങ്കിലും ചെയ്യുന്നുണ്ടോ എന്ന് തിരക്കിയിട്ടില്ല. ഡ്യൂയെറ്റ് ഉണ്ടോയെന്ന് ഒരിക്കൽപോലും അന്വേഷിച്ചിട്ടില്ല. എന്നാല്‍ അറിയാതെ ലഭിച്ച റോളുകൾ എല്ലാം മികച്ചതായിരുന്നു എന്ന് ഉർവശി പറയുന്നു.
തൻറെ പേരിൽ പല ഗോസിപ്പുകളും ഉണ്ടായിട്ടുണ്ട്. തന്നെ വേണ്ട എന്നും ഉർവശി അഭിനയിക്കേണ്ട എന്നുമൊക്കെ പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ അതൊന്നും തന്നെ ഒരുകാലത്തും ബാധിച്ചിട്ടില്ല. താൻ ആരുടെയും നിഴലായി നിന്നിട്ടില്ല എന്നും അങ്ങനെയല്ല താൻ സിനിമയിൽ വന്നതെന്നും ഉർവശി പറയുന്നു.