ഓർമ്മശക്തിക്ക് ഒരു കുഴപ്പവുമില്ല… ആ രണ്ടു കാര്യങ്ങളിൽ മാത്രമാണ് എൻറെ മൊഴി ഉൾപ്പെട്ടിട്ടുള്ളത്… മറുപടിയുമായി ബാലചന്ദ്രകുമാർ….

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട  വിചാരണ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിനിടെയാണ് മുഖ്യ സാക്ഷിയായ ബാലചന്ദ്രകുമാർ രോഗബാധിതനാണെന്നും അദ്ദേഹത്തിന് സംസാരിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത് എന്നും ഉള്ള വാർത്ത പുറത്തു വന്നത്. ഇത് കേസിന്റെ തുടർനടപടിക്ക് വിഘാതം സൃഷ്ടിക്കുമോ എന്ന സംശയം ഉണ്ടായി. വിചാരണ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യമായതുകൊണ്ട് തന്നെ ഇത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. എന്നാല്‍ ഈ വിഷയത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. ഒരു യൂട്യൂബ് ചാനലിലാണ് തന്റെ രോഗാവസ്ഥയെ പറ്റി തെറ്റിദ്ധാരണ ഉളവാക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ അദ്ദേഹം പ്രതികരിച്ചത്.

നിരവധി പേരാണ് തന്റെ ശബ്ദം നഷ്ടപ്പെട്ടോ എന്ന് ചോദിച്ചു കൊണ്ട് മെസ്സേജ് അയക്കുന്നത്. സമൂഹ മാധ്യമത്തിൽ ഇത്തരം ഒരു വാർത്ത പ്രചരിക്കുന്നത് കണ്ടു. എന്നാൽ തന്റെ ശബ്ദത്തിന് ഒരു കുഴപ്പവുമില്ല. വിചാരണ നടപടികൾ പഴയതു പോലെ തന്നെ പൂർത്തിയാക്കാൻ കഴിയും. 11 ദിവസത്തെ വിചാരണ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇനി നാലു ദിവസത്തെ വിചാരണ കൂടിയാണ് ബാക്കിയുള്ളത്. കോടതിയിൽ പറയാനുള്ളത് വളരെ വ്യക്തമായി പറയും. ഓർമ്മ ശക്തിക്കോ ശബ്ദത്തിനോ ഒരു കുഴപ്പവുമില്ല. പറയാനുള്ള കാര്യങ്ങളിൽ നിന്നും പിന്നോട്ട് പോകില്ല. അത് കോടതിയിൽ ശക്തമായിത്തന്നെ അവതരിപ്പിക്കുമെന്നും അതില്‍ മാറ്റമില്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

Screenshot 1124

ഈ കേസിൽ രണ്ടു കാര്യങ്ങളിൽ മാത്രമാണ് തൻറെ ഭാഗത്ത് നിന്നും ഉള്ള മൊഴി ഉൾപ്പെടുത്തിയിട്ടുള്ളത്. ദിലീപിന്റെ വീട്ടിൽ വച്ച് പൾസർ സുനിയെ കണ്ടു എന്നതും നടിയെ ആക്രമിച്ചത് ചിത്രീകരിച്ച വീഡിയോ തന്‍റെ സാന്നിധ്യത്തിൽ ദിലീപും സംഘവും കണ്ടു എന്നതും. തന്നോട് എപ്പോൾ ഇതിനെക്കുറിച്ച് ചോദിച്ചാലും അത് അതുപോലെതന്നെ പറയും. ഇതല്ലാതെ മറ്റുകാര്യങ്ങളുമായി യാതൊരു ബന്ധവുമില്ല. സാങ്കേതിക കാര്യങ്ങൾ അറിയില്ല. മുൻപ് പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കും. അതിൽ ഒരു മാറ്റവും ഇല്ലെന്നും ബാലചന്ദ്രകുമാർ കൂട്ടിച്ചേർത്തു.