അന്ന് അശോകനെ ജയിലില്‍ അടച്ചു.. നടന്‍ അശോകൻ ദുബായിൽ ജയിലിൽ ആയ കഥ മുകേഷ് പറയുന്നു…

അബദ്ധം പറ്റി നടൻ അശോകൻ ദുബായിൽ ജയിലിൽ ആയ കഥ മുകേഷ് പറയുകയുണ്ടായി. ഇതേ കഥ പലപ്പോഴും താന്‍ അശോകനെ കൊണ്ട് പ്രോഗ്രാമുകളിൽ പറയിപ്പിച്ചിട്ടുണ്ടെന്ന് മുകേഷ് പായുന്നു. ഈ കഥ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ അശോകന്റെ കണ്ണ് നിറയും. അന്നത്തെ കാലത്ത് ഗൾഫ് എന്നത് സിനിമക്കാർക്ക് പോലും റീച്ചബിൾ ആയ സ്ഥലം ആയിരുന്നില്ല. നാട്ടിലുള്ളവർ പലരും ഗൾഫിൽ പോകാൻ വേണ്ടി വല്ലാതെ ബുദ്ധിമുട്ടുന്ന സമയം. പക്ഷേ അശോകൻ ഗൾഫിൽ പോകാറുണ്ട്. അശോകന്‍റെ ചേട്ടന്മാർ അവിടെ ജോലിയും ബിസിനസും ഒക്കെ ചെയ്യുന്നുണ്ട്.

ഷൂട്ടിങ്ങിനിടയിൽ ഗ്യാപ്പ് വരുമ്പോൾ അശോകൻ ഗൾഫിൽ പോകും. ഒരു പ്രാവശ്യം ഗൾഫിൽ എത്തിയപ്പോൾ അശോകന്‍റെ മുറിയിൽ തട്ടു കേട്ട് വാതിൽ തുറന്നു. ദുബായ് പോലീസ് ആയിരുന്നു. എന്താണ് പ്രശ്നമെന്ന് അദ്ദേഹം തിരക്കി. അവർ മുറിക്കകം മുഴുവൻ പരിശോധിച്ചു. തലയണ വരെ കീറി തിരച്ചിൽ നടത്തി. എന്താണ് സംഭവിക്കുന്നത് എന്ന് അശോകന് മനസ്സിലാകുന്നില്ല. ഒടുവിൽ അവര്‍ അശോകനെ വണ്ടിയിൽ കയറ്റി കൊണ്ടുപോയി. പല സെല്ലുകളിലും പല രാജ്യക്കാർ കിടക്കുന്നുണ്ടായിരുന്നു. അതിനിടയിൽ നിന്ന് ഒരാൾ വിളിച്ചു പറഞ്ഞു അശോകൻ അല്ലേ പോകുന്നത്.  അതുകൂടി കേട്ടപ്പോൾ അദ്ദേഹം തളർന്നു പോയി. ആരെയും അറിയിക്കാൻ പറ്റുന്നില്ല. ഫോൺ വിളിക്കാൻ പറ്റുന്നില്ല. അശോകന്‍ അവിടെയിരുന്ന് കരഞ്ഞു.

Screenshot 1111

ഒടുവിൽ വിവരമറിഞ്ഞ് ഒരു വക്കീലിനെയും കൊണ്ട് ചേട്ടന്മാർ അവിടേക്ക് എത്തി. പക്ഷേ അകത്തു പോകാൻ പറ്റില്ല. മയക്കുമരുന്ന് കള്ളക്കടുത്താണ് എന്നാണ് പോലീസുകാർ പറഞ്ഞത്. മയക്കുമരുന്ന് ഉപയോഗിക്കുകയും അത് വിൽക്കുകയും ചെയ്യുന്ന ആളാണ് അശോകൻ എന്നാണ് അവർ പറയുന്നത്.

മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടാൽ അവിടെ പിന്നെ പുറംലോകം കാണില്ല. എങ്ങനെ അശോകനെ രക്ഷപ്പെടുത്തും എന്ന് ആലോചിച്ചു എല്ലാവരും നെട്ടോട്ടം ഓടുകയാണ്. അടുത്ത ദിവസം അവിടെ അടൂർ ഗോപാലകൃഷ്ണന്റെ ഒരു ഫിലിം ഫെസ്റ്റിവൽ നടക്കുന്നുണ്ടായിരുന്നു. അതിൽ അനന്തരം എന്ന സിനിമ പ്രദർശിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയാണ് നായകൻ എങ്കിലും വളരെ പ്രധാനപ്പെട്ട ഒരു റോൾ അശോകൻ ചെയ്യുന്നുണ്ട്. ഈ സിനിമയുടെ ഷോയുമായി ബന്ധപ്പെട്ട് അശോകന്റെ പടം ഖലീജ് ടൈംസിൽ വന്നു. അശോകന്റെ വക്കീല്‍ അത് ഉപയോഗിച്ചു. അശോകൻ ഒരു പ്രമുഖ നടനാണ് നിരപരാധിയാണ് എന്ന് പറഞ്ഞു. അപ്പോൾ പോലീസ് കുറച്ച് ഫോട്ടോകൾ മുമ്പിൽ ഇട്ടു കൊടുത്തു.  അശോകന്‍ കഞ്ചാവ് വലിക്കുന്നതും സിറിഞ്ച് കുത്തുന്നതുമെല്ലാമായിരുന്നു ആ ചിത്രങ്ങൾ. പ്രണാമം എന്ന ചിത്രത്തിൽ അശോകൻ അഭിനയിക്കുന്ന റോൾ ആയിരുന്നു അത്. അതിൻറെ ചിത്രങ്ങൾ ആണ് പോലീസുകാർക്ക് ലഭിച്ചത്. ഈ ചിത്രങ്ങൾ വെട്ടിയെടുത്ത് അശോകൻ വലിയ ഡ്രഗ്ഗ് ഡീലര്‍ ആണെന്ന് ആരോ പറഞ്ഞു. പിന്നീട് അശോകനോട് സോറി പറഞ്ഞു വിട്ടയക്കുക ആയിരുന്നെന്ന് മുകേഷ് പറയുന്നു.