ആ വാക്ക് പാലിക്കാതെ അദ്ദേഹം യാത്രയായി… അധിക സമയം അദ്ദേഹത്തെ നോക്കിനിൽക്കാൻ കഴിഞ്ഞില്ല…. പത്മരാജനെ അനുസ്മരിച്ച് നടൻ റഹ്മാൻ…

പത്മരാജന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് നടൻ റഹ്മാൻ സമൂഹ മാധ്യമത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പങ്കുവെച്ച കുറുപ്പ് ഹൃദയഹാരിയായി. പത്മരാജനുമായി തനിക്കുള്ള വ്യക്തിപരമായ അടുപ്പത്തെക്കുറിച്ച് ഈ കുറിപ്പിൽ വ്യക്തമാക്കുന്നു. മൂന്നു പതിറ്റാണ്ടിനിപ്പുറവും അദ്ദേഹവുമായുള്ള അവസാന കൂടിക്കാഴ്ച്ച ഇപ്പോഴും മനസ്സിൽ മായാതെ ഉണ്ടെന്ന് റഹ്മാൻ കുറിക്കുന്നു. മൂന്നാംപക്കം എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം അദ്ദേഹം ചേർത്തു നിർത്തി പറഞ്ഞ വാക്കുകൾ ഉള്ളിൽ മുഴങ്ങുകയാണ്. ആ ചിത്രത്തിൽ നായകൻറെ കൂട്ടുകാരൻറെ വേഷമായിരുന്നു. അതിൽ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറവായതിൽ അദ്ദേഹത്തിന് സങ്കടം ഉണ്ടായിരുന്നു. കൂടെവിടെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന അദ്ദേഹമാണ് പറന്നു പറന്നു എന്ന ചിത്രത്തിലൂടെ ആദ്യ നായക വേഷം തന്നത്. കാണാമറയത്തിലും കരിയിലക്കാറ്റ് പോലെ എന്ന ചിത്രത്തിലും മികച്ച വേഷങ്ങൾ തന്ന അദ്ദേഹത്തിൻറെ മറ്റൊരു മികച്ച കഥാപാത്രത്തെ സ്വപ്നം കണ്ടതാണ് മൂന്നാംപക്കം എന്ന ചിത്രത്തിൻറെ സെറ്റിൽ എത്തിയത്.

Screenshot 676

അന്ന് തമിഴിൽ നായക വേഷങ്ങൾ ചെയ്യുന്ന സമയമായിരുന്നു. എങ്കിലും ഒരു വിഷമവും കാണിക്കാതെ അദ്ദേഹവുമായുള്ള ഷൂട്ടിംഗ് ദിവസങ്ങൾ ആസ്വദിച്ചു പൂർത്തിയാക്കി. ചിത്രത്തിൻറെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോൾ അദ്ദേഹം തന്റെ മനസ്സ് വായിച്ചിട്ടെന്നപോലെ പറഞ്ഞത് വേഷം ചെറുതാണ്  എന്നോർത്ത് വിഷമിക്കേണ്ടതില്ല ഇനിയും അവസരം വരുമ്പോൾ വിളിക്കും എന്നാണ്. ഒരു സീനിൽ മാത്രം വരുന്ന ചെറിയ കഥാപാത്രം ആണെങ്കിൽ പോലും  അദ്ദേഹം പറഞ്ഞാൽ അഭിനയിക്കും. അത് അദ്ദേഹത്തിന് അറിയാം. എന്നിട്ടും അദ്ദേഹം ആശ്വസിപ്പിച്ചു. ഒരു മകനോടുള്ള വാത്സല്യമായിരുന്നു പത്മരാജന് തന്നോട് ഉണ്ടായിരുന്നത്. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിൽ പോലും അടുത്തു വിളിച്ചിരുത്തി വരാനിരിക്കുന്ന സീനുകൾ പറഞ്ഞു മനസ്സിലാക്കി തരുമായിരുന്നു.

അദ്ദേഹം മരിക്കുമ്പോൾ മദ്രാസിൽ ഏതോ ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു. ആ വാർത്ത കേട്ടപ്പോൾ തിരിച്ചു പോയി. അപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഓർക്കാൻ പോലും പറ്റുന്നില്ല. അദ്ദേഹത്തെ  അവസാനമായി കാണാൻ നാട്ടിലേക്ക് വന്നത് മമ്മൂട്ടിയുടെ ഒപ്പം ട്രെയിനിലാണ്. ചലനം അറ്റു കിടക്കുന്ന അദ്ദേഹത്തെ കണ്ടപ്പോൾ ഉള്ള് ഒന്ന് പിടഞ്ഞു. അധിക സമയം അദ്ദേഹത്തെ നോക്കിനിൽക്കാൻ കഴിഞ്ഞില്ല. തനിക്ക് തന്ന വാക്ക് പാലിക്കാതെ അദ്ദേഹം മടങ്ങിയെന്ന് റഹ്മാൻ ഉപസംഹരിക്കുന്നു.