അന്ന് ശരിക്ക് വഴക്കു കേട്ടു… ജീവിതത്തില്‍ ആദ്യമായി പോലീസ് സ്റ്റേഷനില്‍ കയറിയതിനെ കുറിച്ച് നടി ലെന…

കൈ നിറയെ ചിത്രങ്ങളുമായി മലയാള സിനിമാ ലോകത്ത് സജീവമായി നിറഞ്ഞു നിൽക്കുന്ന നടിയാണ് ലെന. തന്റെ ഏറ്റവും പുതിയ ചിത്രമായ വനിതയില്‍ ടൈറ്റിൽ റോളിലാണ് ലെന എത്തിയിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് വനിത എന്ന ചിത്രം ഒരുക്കിയിട്ടുള്ളത്. ഈ ചിത്രത്തിൽ ഒരു പോലീസുകാരിയുടെ വേഷമാണ് ലെന അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ വിശേഷങ്ങൾ പങ്കു വയ്ക്കുന്നതിനിടെ തന്റെ വ്യക്തി ജീവിതത്തിൽ ആദ്യമായി പോലീസ് സ്റ്റേഷനിൽ കയറിയതിനെ കുറിച്ചും ലെന പറയുകയുണ്ടായി.

വനിതയിൽ ഒരു പോലീസ് കഥാപാത്രമാണ് എന്ന് കേട്ടപ്പോൾ ഇതുവരെ ചെയ്തത് പോലെയുള്ള ഒരു കഥാപാത്രം ആയിരിക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ക്യാമറ സ്റ്റേഷന് പുറത്തു പോകില്ല എന്ന് സംവിധായകൻ റഹീം ഖാദർ പറഞ്ഞതോടെ ചിത്രം ചെയ്യാൻ കൂടുതൽ താല്പര്യമായിരുന്നുവെന്ന് ലെന പറയുന്നു. 

Screenshot 624

വനിതയിലെ കഥാപാത്രത്തിന് പ്രത്യേകിച്ച് മേക്കപ്പുകൾ ഒന്നുമില്ല. ശരീരത്തോട് ചേർന്ന് കിടക്കുന്ന യൂണിഫോം ഇല്ല. ചിത്രത്തിൻറെ ഷൂട്ടിംഗ് സമയം ഒരു ഓഫീസിൽ പോകുന്നതു പോലെയായിരുന്നു. രാവിലെ സെറ്റിലെത്തും, വൈകുന്നേരം തിരിച്ചു പോകും. ചിത്രത്തിന്‍റെ സംവിധായകനും ഒരു സർക്കിൾ ഇൻസ്പെക്ടറാണ്. അതുകൊണ്ടുതന്നെ എല്ലാം പോലീസ് മുറയിലാണ് നടന്നത്. ആ ചിത്രത്തിൽ അഭിനയിച്ചതോടെ പോലീസ് ജീവിതം അത്ര സുഖകരമായ കാര്യമല്ലന്നു മനസ്സിലായതായി ലെന പറയുന്നു.

അതേ സമയം വ്യക്തി ജീവിതത്തിൽ ആദ്യമായി പോലീസ് സ്റ്റേഷനിൽ കയറിയത് പ്ലസ്ടുവിന് പഠിക്കുമ്പോഴായിരുന്നെന്നും ലെന ഓർക്കുന്നു. ലൈസൻസ് ഇല്ലാതെ സ്കൂട്ടർ ഓടിച്ചപ്പോഴാണ് പോലീസ് പിടിച്ചത്. പരീക്ഷയ്ക്ക് പോവുകയാണ് എന്ന് പറഞ്ഞപ്പോൾ വൈകുന്നേരം സ്റ്റേഷനിൽ എത്തണം എന്ന് പറഞ്ഞു. എന്നാൽ ഇത് കാര്യമാക്കിയില്ല. തിരികെ വീട്ടില്‍ വന്നിട്ടും പോലീസ് പിടിച്ച കാര്യം വീട്ടിൽ പറഞ്ഞില്ല. എന്നാല്‍ അന്ന് വൈകുന്നേരം വീട്ടിൽ പോലീസ് എത്തി. അതോടെ താനും സുഹൃത്തും പോലീസ് സ്റ്റേഷനിൽ ഹാജരായി. അന്ന് പോലീസ് കാരില്‍ നിന്നും ശരിക്കും വഴക്ക് കേട്ടെന്ന് ലെന പറയുന്നു.