ആർ ആർ ആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന് തുടങ്ങുന്ന ഗാനത്തിനു ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിക്കുകയുണ്ടായി. കീരവാണിയാണ് ചിത്രത്തിൻറെ സംഗീതം നിർവഹിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ കമൽ നടത്തിയ പ്രതികരണം വലിയ വിവാദമായി മാറി. ആർ ആർ ആറിന് ഗോൾഡൻ ഗ്ലോബിൽ അംഗീകാരം ലഭിക്കാനുള്ള കാരണം കച്ചവട താല്പര്യമാണെന്നും ആ ചിത്രം ഹിന്ദുത്വ അജണ്ട ഉയർത്തിപ്പിടിക്കുന്നതാണെന്നും കമല്‍ വാദിച്ചു. ഒരു രാജ്യത്തു നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ അനുസരിച്ച് കൂടുതൽ പ്രേക്ഷകരെ സ്വാധീനിക്കുന്നതിന് വേണ്ടിയുള്ള ഘടകങ്ങളാണ് പലപ്പോഴും സംവിധായകർ തങ്ങളുടെ ചിത്രങ്ങളിൽ ഉൾപ്പെടുത്താറുള്ളത്. ഇന്ത്യയിൽ ഹിന്ദുത്വ അജണ്ട പ്രചരിപ്പിച്ചതിൽ രാമായണം എന്ന സീരിയലിന് വലിയ പങ്കുണ്ട്. പാന്‍ ഇന്ത്യൻ സിനിമകൾ എന്ന് പറയുന്ന ചിത്രങ്ങളിലും സംഭവിക്കുന്നത് ഇതുതന്നെയാണ്.
അതേസമയം രാജമൗലി ബോധപൂർവ്വം ഹിന്ദുത്വം അജണ്ട ഉൾപ്പെടുത്തി എന്ന് പറയാൻ കഴിയില്ലെങ്കിലും ഇത് ഒരു യാഥാർത്ഥ്യമാണെന്ന് കമൽ കൂട്ടിച്ചേർത്തു. ഇന്ന് ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സിനിമകൾ നിർമ്മിക്കുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. ഈയൊരു കാരണം കൊണ്ട് തന്നെ ഇന്ത്യയുടെ വിപണിയുടെ താൽപര്യങ്ങളെ മുൻനിർത്തിയാണ് പുരസ്കാരങ്ങൾ നൽകപ്പെടാറുള്ളത്. ഇത്തരം പുരസ്കാരങ്ങൾ നൽകുന്നതിന് പിന്നിൽ അന്താരാഷ്ട്ര കമ്പനികൾക്ക് വലിയ പങ്കുണ്ട്. ഇപ്പോൾ ലഭിക്കുന്ന പുരസ്കാരങ്ങൾ അതുകൊണ്ടുതന്നെ മഹത്തരമാണ് എന്ന് പറയാൻ കഴിയില്ല.
കീരവാണി ഒരു പ്രതിഭയാണെങ്കിലും അദ്ദേഹത്തിൻറെ ഏറ്റവും മികച്ച ഗാനം അല്ല ‘നാട്ടു നാട്ടു’ എന്ന് കമൽ പറഞ്ഞു. ഒരു 15 വർഷം മുമ്പായിരുന്നെങ്കിൽ ഈ ഗാനത്തിന് അവാർഡ് ലഭിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ കച്ചവട താൽപര്യം മുൻനിർത്തി നൽകുന്ന അവാർഡുകൾക്ക് എന്തെങ്കിലും തരത്തിലുള്ള മെറിറ്റ് ഉണ്ടെന്ന് പറയാൻ കഴിയില്ലെന്നും കമൽ കൂട്ടിച്ചേർത്തു.