സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ജയിലർ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം കവർന്നവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുംബൈയിലെ അറിയപ്പെടുന്ന മോഡലും നടിയുമായ സന്ന സൂര്യയാണ് തട്ടിപ്പിൽ അകപ്പെട്ടത്. നടിയുടെ കൈയിൽ നിന്നും എട്ടര ലക്ഷത്തോളം രൂപ സംഘം തട്ടിയെടുത്തു. കാസ്റ്റിംഗ് ഡയറക്ടർ ആണ് എന്ന് പറഞ്ഞു പീയുഷ് ജയിൻ, സമീർ ജയിൻ എന്നിവർ തന്നെ സമീപിച്ചു എന്നും പിന്നീടാണ് ഇവർ തന്നെ പറ്റിക്കുക ആയിരുന്നു എന്നു മനസ്സിലാക്കിയതെന്നും സന്ന പറയുന്നു.
സോഷ്യല് മീഡിയ മുഖാന്തിരം ഇവർ സന്നയെ പരിചയപ്പെടുന്നത് കഴിഞ്ഞ വർഷമാണ്. രജനികാന്തിന്റെ ചിത്രം ജയിലറിൽ നല്ല ഒരു വേഷം തരാമെന്നും അതിന് ഓഡിഷന് റെഡിയായിരിക്കണം എന്നും അറിയിച്ചു. കൂടാതെ പോലീസിന്റെ വേഷം ധരിച്ച ഒരു ഫോട്ടോ അയച്ചു തരണമെന്നും ഇവർ സന്നയോട് ആവശ്യപ്പെട്ടു. പിന്നീട് ഷൂട്ടിങ്ങിനു വേണ്ടി പാരീസിൽ പോകുന്നതിന് 8 ലക്ഷം രൂപ നൽകണമെന്ന് ഇവർ പറഞ്ഞതനുസരിച്ച് സന്ന ഇവർക്ക് പണം നൽകി.
പിന്നീട് രജനികാന്തിന്റെ ഒപ്പം താൻ അഭിനയിക്കുന്നു എന്ന് കാണിച്ചു സന്ന ഒരു ചിത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു . തട്ടിപ്പ്കാർ നൽകിയ ചിത്രമാണ് സന്ന സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചത് . ഇത് ജയിലറിന്റെ സഹസംവിധായകൻ കാണുകയും നടിയെ ബന്ധപ്പെട്ട് ഇത് വ്യാജമാണെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടു എന്ന വിവരം തനിക്ക് മനസ്സിലായതെന്നു സന്ന പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.