മക്കൾ മഹാത്മ്യം, കെഎൽ 75 എറണാകുളം നോർത്ത് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ സംവിധായകനാണ് പോൾസൺ. എന്നാൽ വളരെ കുറഞ്ഞ ചെലവിൽ നിര്‍മിച്ച് വിജയം കൊയ്തിട്ടും തനിക്ക് പ്രതിഫലം പോലും നൽകിയില്ലെന്ന് പോൾസൺ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.
കൂടുതൽ മിമിക്രി താരങ്ങളായിരുന്നു ആ സിനിമയിൽ ഉണ്ടായിരുന്നത്. അവരുടെ ഒപ്പം ജഗതി ശ്രീകുമാർ, ജനാർദ്ദനൻ , തിലകൻ തുടങ്ങിയവരും ഉണ്ടായിരുന്നു. ഓട്ടോറിക്ഷക്കാരുടെ കഥ പറഞ്ഞ സിനിമയായിരുന്നു അത്. 25 ലക്ഷം രൂപയുടെ ബഡ്ജറ്റ് ആയിരുന്നു നിർമാതാവ് തീരുമാനിച്ചിരുന്നത്. പക്ഷേ പടം 18 ലക്ഷം കൊണ്ട് തീർത്തു. ചിത്രത്തിന് സിൽക്ക് സ്മിതയെ വെച്ച് ഒരു പാട്ടു കൂടി എടുക്കാൻ ബാക്കിയുണ്ടായിരുന്നു. അന്നത്തെ ചുറ്റുപാട് വളരെ മോശമാണ് എന്ന് പറഞ്ഞതു കൊണ്ടാണ് പാട്ട് എടുക്കാതിരുന്നത്. ഒരുപാട് മാറ്റങ്ങൾ തിരക്കഥയില്‍ വരുത്തിയിരുന്നു. അഭിനയിക്കാനായി ഹോട്ടലിൽ എത്തിയ സിൽക്ക് സ്മിത അഭിനയിക്കാതെ തിരിച്ചു പോയി.
ഒരു സാധാരണ പടമായി ആണ് ചെയ്തതെങ്കിലും പുറത്തു വന്നപ്പോൾ ഓട്ടോറിക്ഷക്കാർ ആ ചിത്രം ഏറ്റെടുത്തു. ഒന്നേകാൽ കോടി രൂപ കളക്ഷനും ലഭിച്ചു. 18 ലക്ഷം രൂപയ്ക്ക് ചെയ്ത സിനിമയ്ക്കാണ് ഇത്രയും വലിയ കളക്ഷൻ കിട്ടിയത്. ആ വർഷം ഇറങ്ങിയ സൂപ്പർതാരങ്ങളുടെ പടങ്ങൾ ഒന്നും വലിയ വിജയമാകാതെ പോയി. ഈ ചിത്രം വലിയ കളക്ഷൻ നേടുകയും ചെയ്തു.
പിന്നീട് എറണാകുളത്ത് വച്ച് നടത്തിയ ഒരു പരിപാടിയിൽ വച്ച് കെ എൽ 75 എന്ന നമ്പറിൽ ഒരു വണ്ടി സംവിധായകനു നൽകുമെന്ന് നിർമ്മാതാവ് പറയുകയും ചെയ്തു. നടൻ സിദ്ദിഖ് ഇതേക്കുറിച്ച് വിളിച്ച് പറഞ്ഞിരുന്നു. കാർ കിട്ടുന്നതിനെ കുറിച്ച് വല്ലാത്ത സ്വപ്നവും കണ്ടു. എന്നാൽ തനിക്ക് ഒരു സൈക്കിൾ പോലും കിട്ടിയില്ലെന്നും സംവിധാനം ചെയ്തതിനുള്ള പണം പോലും പൂർണമായി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.