കണ്ടില്ലായിരുന്നെങ്കില്‍ വലിയ നഷ്ടമാകുമായിരുന്നു… നഷ്ടപ്പെട്ടുകൊണ്ടിരുന്ന നമ്മുടെ സംസ്കാരം തിരിച്ചു പിടിക്കാൻ തോന്നിപ്പിക്കുന്ന സിനിമയാണ് മാളികപ്പുറം…. മാളികപ്പുറത്തെ വാനോളം പുകഴ്ത്തി മേജർ രവി

ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച മാളികപ്പുറം അടുത്തകാലത്തിറങ്ങിയ മലയാള സിനിമയിൽ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ നിറഞ്ഞാടിയപ്പോള്‍ സമൂഹമാധ്യമത്തിൽ നിറയുന്നത് മാളികപ്പുറത്തിന്റെ വിശേഷങ്ങൾ ആണ്. ഇപ്പോഴിതാ ഈ ചിത്രത്തെ പ്രശംസിച്ച രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ സംവിധായകൻ മേജർ രവി.

കഴിഞ്ഞ കുറച്ച് കാലത്തിനു ശേഷം കണ്ടിരിക്കാനും ആസ്വദിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും സാധിച്ച ഒരു മലയാള സിനിമയാണ് മാളികപ്പുറം എന്ന് മേജർ രവി പറയുന്നു. മനസ്സിനെ ആഴത്തിൽ സ്പർശിച്ച ഈ ചിത്രത്തെക്കുറിച്ച് പല രീതിയിലുള്ള വിമർശനങ്ങളും കേട്ടു. ഏതെങ്കിലും ഒരു പാർട്ടിയുടെയോ മതത്തിന്റെയോ പേരിൽ മാറ്റപ്പെടുകയോ അവഹേളിക്കുകയോ ചെയ്യാതെ ഒരു സിനിമയായി കണ്ടാൽ നന്നായി ആസ്വദിക്കാൻ പറ്റുന്ന സിനിമയാണ് മാളികപ്പുറം എന്ന കാര്യത്തിൽ തർക്കമില്ലെന്ന് അദ്ദേഹം പറയുന്നു. കുടുംബ പ്രാരാബ്ധങ്ങളിലൂടെ ജീവിതം തള്ളി നിൽക്കുമ്പോഴും സ്വന്തം കുട്ടിയോട് ഒരു അച്ഛൻ കാണിക്കുന്ന കമ്മിറ്റ്മെൻറ് സൈജു കുറുപ്പ് വളരെ നന്നായി ചെയ്തു. ആ കഥാപാത്രത്തിന്റെ ജീവിത യാത്രകൾ ഒരു ആസ്വാദകൻ എന്ന നിലയിൽ കണ്ണ് നിറയിച്ചു. അറിയാതെ അവിടേക്ക് മനസ്സ് സഞ്ചരിച്ചു. ഈ  ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന ദേവനന്ദ അവളുടെ സുഹൃത്തായ ശ്രീ പദ് എന്നീ കുട്ടികളുടെ നിഷ്കളങ്ക ബാല്യകാലം ഇതൊക്കെ മനോഹരമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്.

Screenshot 270

ഉണ്ണി മുകുന്ദൻ എന്ന താരത്തിന്റെ സ്ക്രീൻ പ്രസൻസ് ആണ് ഈ ചിത്രത്തിൻറെ ആത്മാവ്. വളരെ പക്വതയോടെയും തന്മയത്വത്തോടെയുമാണ് ഉണ്ണി ഇതിനെ അഭിനയിപ്പിച്ച് പൊലിപ്പിച്ചത്. അഭിലാഷ് പിള്ളയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സ്ക്രീൻ പ്ലേയാണ് ചിത്രം. കൂടാതെ ചിത്രത്തിന്റെ എഡിറ്റിങ്ങും പാശ്ചാത്തല സംഗീതവും മികച്ചു നിൽക്കുന്നു. ചിത്രത്തിലെ കഥയും ഛായാഗ്രഹണവും ഒന്നിനൊന്ന് മികച്ചതാണ്. എല്ലാത്തിനുമുപരി വിഷ്ണുശങ്കർ തുടക്കക്കാരനാണെന്ന് പോലും പറയിക്കാത്ത രീതിയിൽ സംവിധായകൻറെ ചുമതല കൃത്യമായി നിർവഹിച്ചു. തൻറെ അച്ഛൻറെ കഴിവുകൾ പകർന്നു കിട്ടിയ  അനുഗ്രഹീത കലാകാരൻ കൂടിയാണ് അദ്ദേഹം.

അച്ഛനും അമ്മയും മക്കളും കൊച്ചുമക്കളും ഒന്നിച്ചിരുന്ന് കാണേണ്ട ചിത്രമാണ് മാളികപ്പുറം. ഈ ചിത്രം കണ്ടില്ലായിരുന്നെങ്കിൽ അത് വലിയ നഷ്ടമാകുമായിരുന്നു. നമ്മുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്കാരം തിരിച്ചുപിടിക്കുന്ന ഒരു സിനിമയായിട്ടാണ് മാളികപ്പുറത്തെ താന്‍ കാണുന്നതെന്ന് മേജര്‍ രവി പറയുന്നു.