സ്ത്രീകൾ അവരുടെ ശരീരത്തിന്റെ എല്ലാ ഭാഗത്തേയും നന്നായി പരിപാലിക്കണം…വിദ്യാബാലൻ…

അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ ഒട്ടും മടി കാണിക്കാത്ത കലാകാരിയാണ് വിദ്യാ ബാലൻ. സ്ത്രീ സമത്വത്തിന് വേണ്ടി വാദിക്കുന്നതിൽ എന്നും മുൻനിരയില്‍ തന്നെയാണ് അവരുടെ സ്ഥാനം. അടുത്തിടെ കൊൽക്കത്തയിൽ ഓൾ ഇന്ത്യ കോൺഗ്രസ് ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയുടെ 65 ആം സെഷനിൽ സംസാരിക്കുന്നതിനിടയിൽ അവർ മുന്നോട്ട് വെച്ച ആശയം ഏറെ ശ്രദ്ധേയമായി.

ഒരു സ്ത്രീയുടെ ഐഡന്‍റിറ്റി ശരീരത്തിൽ നിന്നും ആണ് രൂപപ്പെടുന്നത് എന്നിരുന്നിട്ട് കൂടി ആരും ശരീരത്തെ അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് അവർ പറയുന്നു. എന്തിനേറെ ശരീരത്തിൻറെ ആവശ്യങ്ങൾ അംഗീകരിക്കാൻ പോലും പല സ്ത്രീകളും ആഗ്രഹിക്കുന്നില്ല. ഇക്കാര്യത്തിൽ സ്ത്രീകൾ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നതാണ് വാസ്തവം. ഒരു സ്ത്രീയുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും അംഗീകരിക്കുകയും അതിനെ പരിപാലിക്കുകയും വേണം, അവർ അഭിപ്രായപ്പെട്ടു.

Screenshot 254

നമ്മുടെ സമൂഹത്തിൽ വിദ്യാഭ്യാസവും അതുമൂലം ഉണ്ടാകുന്ന ബോധവൽക്കരണവും കൊണ്ട് ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ ബാക്കിയാണ്. ചില ആരോഗ്യപ്രശ്നങ്ങൾ തുറന്നു പറയുന്നതിന് സ്ത്രീകൾക്ക് നാണക്കേടും വല്ലാത്ത അസ്വസ്ഥതയുമാണ് ഉള്ളത്. ഒരു സ്ത്രീ ഗൈനക്കോളജിസ്റ്റിനെ കാണാൻ പോകുമ്പോൾ അവരുടെ ആരോഗ്യപ്രശ്നം എന്താണ് എന്നത് കുടുംബത്തിലുള്ള അംഗങ്ങൾക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയും. ഒരു വ്യക്തിയുടെ ചെറിയ ഒരു ചുവടുവെപ്പ് പോലും ബഹുദൂരം മുന്നോട്ടു പോകാൻ സഹായിക്കാം. അതുകൊണ്ട് തന്നെ ഒരു സ്ത്രീയും ഗൈനക്കോളജിസ്റ്റിനെ കാണാൻ പോകുമ്പോൾ അവളുടെ ഒപ്പം അവളുടെ അച്ഛനോ പങ്കാളിയോ മകനോ വരണമെന്ന് അവൾ നിർബന്ധം പിടിക്കണം. നിരവധി ആളുകൾ കാണുന്തോറും അവരുടെ മനോഭാവത്തിൽ വലിയ തോതിലുള്ള മാറ്റം സംഭവിക്കും. അത് സ്ത്രീകൾക്ക് അവനവൻറെ ശരീരത്തെ അംഗീകരിക്കുന്നതിനും അതിൻറെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സഹായിക്കുമെന്നും നടി കൂട്ടിച്ചേർത്തു.