കലോത്സവ വേദിയിലെ ഊട്ടുപുരയിൽ നോൺ വെജ് ഭക്ഷണം വേണമെന്ന ആവശ്യവുമായി മാധ്യമപ്രവർത്തകനായ അരുൺകുമാർ ഉയർത്തി വിട്ട വിവാദം ഇതുവരെ അവസാനിച്ചിട്ടില്ല. ചർച്ചകൾ വ്യക്തിഹത്യയിലേക്ക് കടന്നതോടെ 16 വർഷത്തെ കലോത്സവ സേവനം മതിയാക്കുന്നതായി പഴയിടം മോഹനൻ നമ്പൂതിരി അറിയിച്ചു. അദ്ദേഹത്തിന്റെ ഈ പിന്മാറ്റം വിവാദം കൂടുതൽ കൊഴുക്കുന്നതിന് കാരണമായി എന്നതാണ് വാസ്തവം. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചു സംവിധായകൻ രാമസിംഹൻ അബൂബക്കർ സമൂഹ മാധ്യമത്തിൽ പങ്കു വച്ച കുറുപ്പ് ഏറെ ശ്രദ്ധേയമാകുന്നു.
പഴയിടം പടിയിറങ്ങുമ്പോൾ അപമാനഭാരം കൊണ്ട് നാം തല താഴ്ത്തണമെന്നു അദ്ദേഹം പറയുന്നു. വിഘടനവാദികളുടെ ബ്രാഹ്മണ വിരോധത്തിന്റെ വിജയത്തിന്റെ കൊടി പാറിപ്പറക്കുന്നത് കണ്ട് എല്ലാവർക്കും ആഹ്ലാദിക്കാം. പടിയിറങ്ങുന്നത് പഴയിടമല്ല, ഒരു സംസ്കാരമാണ്. വിശ്വാസം കൊണ്ട് ആരെയും നോവിക്കാത്ത വധിക്കാത്ത സംസ്കാരം. പൂണൂല് എന്നത് ജ്ഞാനത്തിന്റെ ലക്ഷണമാണ്, അത് വിദ്യാരംഭം മുതൽ കൂടെ ചേരുന്ന അടയാളമാണ്. ജ്ഞാന ഗംഗയിലേക്ക് ഊളിയിടാൻ തീരുമാനിച്ചാൽ അത് ഏത് രാമസിംഹനും അയാളുടെ മക്കൾക്കും ധരിക്കാൻ അവകാശമുണ്ട്. അത് കേവലം ജന്മസ്സിദ്ധി മാത്രമല്ല എന്ന് ഇപ്പോൾ പൂർണ ബോധ്യം ഉണ്ട്. പൂണൂലിനോടുള്ള വിരോധം വംശീയമല്ല സാംസ്കാരിക വിരുദ്ധതയാണ്. ഇത് സനാതന ധർമ്മത്തോടുള്ള വൈരാഗ്യ ബുദ്ധി ആണെന്ന് ഉറപ്പിച്ചു പറയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പതിനായിരക്കണക്കിന് വർഷങ്ങളായി വേദ ശബ്ദം നിലനിന്നു പോകുന്നതിനുള്ള അടങ്ങാത്ത പകയാണ്ഇതിന് കാരണം. തല്ലിക്കെടുത്തിയിട്ടും കെടാതെ കത്തുന്ന വേദ പ്രകാശത്തോടുള്ള പകയാണിത്. ധർമ്മം അന്നത്തിന് ജാതി കൽപ്പിച്ചിട്ടില്ലെങ്കിലും രാജസം, സാത്വികം , താമസം എന്ന ഗുണം ഭക്ഷണത്തിന് നൽകിയിട്ടുണ്ട്. ഇത് ആധുനികശാസ്ത്രവും അംഗീകരിക്കുന്നതാണ്. വ്യക്തികളുടെ സ്വഭാവവും ഭക്ഷണവും ബന്ധപ്പെട്ട് കിടക്കുന്നു. സസ്യാഹാരം ഉഷ്ണം കുറയ്ക്കുമെന്ന കാര്യം എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണ്. മൂന്നുനാലു ദിവസം സസ്യാഹാരം കഴിച്ചതിന്റെ പേരിൽ ആരും മരണപ്പെട്ടിട്ടില്ല. അവിടെയാണ് ഭക്ഷണം എന്ന നിലയിൽ വ്യാഖ്യാനവും അന്നം പ്രസാദവുമായി മാറുന്നത്. ഇത് ഹിന്ദു സംസ്കാരത്തോടുള്ള പകയാണ്. നേതൃത്വം കൊടുക്കുന്നത് കമ്മ്യൂണിസ്റ്റുകൾ ആണെങ്കിലും ഇതിൻറെ പിന്നണിയിൽ ഇസ്ലാമിക അജണ്ടയാണ് പ്രവർത്തിക്കുന്നത്. ഇത് തികഞ്ഞ ഹലാൽ വൽക്കരണമാണ്. ഗീതാ പാരായണം ഇല്ലാതെ ഖുർആൻ പാരായണം നടത്തുന്ന കലോത്സവങ്ങളിൽ ഇത്തരം അജണ്ടകൾ ചേക്കേറുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറയുന്നു.
ആദ്യം ഭക്ഷണരീതിയിലേക്ക് ആനയ്ക്കും. പിന്നീട് വസ്ത്ര രീതിയിലേക്കും അത് കഴിഞ്ഞ് വിശ്വാസപ്രമാണങ്ങളിലേക്കും. ഒരു രാജ്യത്തിൻറെ പൈതൃകം തകർക്കാൻ കഴിയുന്നത് സംസ്കാരത്തെ തകർക്കുന്നതിലൂടെയാണ്. പക്ഷേ തോറ്റു കൊടുക്കാൻ കഴിയുന്നില്ല. അതുകൊണ്ട് അല്പസ്വല്പം മാംസഭുക്കായ താൻ ഇനിമുതൽ പൂർണ്ണ സസ്യാഹാരിയായി മാറുന്നതായും സമരം തുടങ്ങേണ്ടത് അവനവനില് നിന്നുമാണെന്ന പൂർണ ബോധത്തോടെയാണ് അത് തുടങ്ങുന്നതായും അദ്ദേഹം പറയുന്നു. പൈതൃകം സംരക്ഷിക്കാനുള്ള ബാധ്യതയുണ്ട്, അതുകൊണ്ടുതന്നെ പൂണൂല് ഇട്ടതിന്റെ പേരിൽ ഒരു ഭാരതീയനും അപമാനിക്കപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.