ഉണ്ണിമുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മാളികപ്പുറം എന്ന ചിത്രം മികച്ച പ്രേക്ഷകർ പിന്തുണ നേടി മുന്നേറുകയാണ്. ചിത്രം കടുത്ത വലതുപക്ഷ രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്നു എന്ന് കാണിച്ചു വലിയ വിമർശനമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ജിതിൻ കെ ജേക്കബ്. സമൂഹമാധ്യമത്തിൽ ആണ് അദ്ദേഹം കുറുപ്പ് പങ്കുവെച്ചത്.
ലോകത്ത് എല്ലായിടത്തും ഭൂരിപക്ഷം ന്യൂനപക്ഷത്തിനുമേൽ മേൽക്കോയ്മ നേടുകയും ന്യൂനപക്ഷം കടുത്ത വിവേചനം നേരിടുന്നതായും കണ്ടിട്ടുണ്ട്. ചൈനയിൽ 10 ലക്ഷത്തോളം മുസ്ലീങ്ങളെ തടവിലാക്കിയിരിക്കുകയാണ്. ബാക്കിയുള്ളവരുടെ മേൽ അടിച്ചമർത്തലുകൾ നടക്കുന്നതായാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. ജർമ്മനിയിൽ ന്യൂനപക്ഷമായിരുന്നു ജൂതർ, അതുപോലെതന്നെ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കൾ ന്യൂനപക്ഷമാണ്. തുർക്കിയിൽ കുർദുകളാണ് ന്യൂനപക്ഷം. അവരൊക്കെ വിവേചനം നേരിടുന്നു എന്നത് ചരിത്രമാണ്.
എന്നാൽ ലോക ചരിത്രത്തെ തന്നെ മാറ്റി എഴുതിക്കൊണ്ട് ഇന്ത്യയിൽ ഭൂരിപക്ഷ ജനത ഒറ്റപ്പെടുത്തലും വളഞ്ഞിട്ടുള്ള ആക്രമണവും ഭയന്ന് സ്വന്തം വിശ്വാസവും ആചാരവും പോലും ഉപേക്ഷിക്കാനും മറച്ചു വെക്കാനും നിർബന്ധിതരാകുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് നേതാവ് ആൻറണി പറഞ്ഞത് സത്യമാണ്. കുറി തുടങ്ങുന്നതിനും അമ്പലത്തിൽ പോകുന്നതിനും ഇന്ന് പേടിയാണ്. അങ്ങനെ ചെയ്താൽ സങ്കി ചാപ്പ ലഭിക്കും. സ്വന്തം വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കാൻ പോയിട്ട് ആചരിക്കാൻ പോലും ഒരു ജനത ഭയപ്പെടുകയാണെന്ന് മാളികപ്പുറം എന്ന ചിത്രത്തിന് നേരെ ഉയരുന്ന ആക്രമണം ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു.
ഭൂരിപക്ഷ ജനതയുടെ അടിമ മനോഭാവമാണ് ഈ രീതിയിൽ കൊണ്ടെത്തിച്ചത്. പുരോഗമനവാദികൾ ആണെന്ന് കാണിക്കാൻ വേണ്ടി സ്വന്തം വിശ്വാസങ്ങളെയും പാരമ്പര്യത്തെയും തള്ളിക്കളയാൻ ആവേശം കാണിച്ച് മതില് കെട്ടാന്‍ പോയ സ്ഥലത്ത് കണ്ടത് സ്വന്തം വിശ്വാസമനുസരിച്ചുള്ള വേഷം ധരിച്ചു വന്ന ന്യൂനപക്ഷ വിഭാഗത്തെയാണ്.
മാളികപ്പുറം വലതുപക്ഷ സിനിമയാണ്. ഹൈന്ദവ വിശ്വാസത്തിലൂടെയാണ് അതിൻറെ കഥ മുന്നോട്ട് പോകുന്നത്. ഉണ്ണി മുകുന്ദൻ ഹിന്ദുമത വിശ്വാസിയാണ്. ഇന്ത്യയുടെ ആചാരത്തിലും പാരമ്പര്യത്തിലും അയാൾ അഭിമാനം കൊള്ളുന്നുണ്ട്. അതിന് ഏതവനാണ് ഇത്ര വിഷമം എന്ന് ചോദിക്കാനുള്ള ആർജ്ജവമില്ലാതെ തങ്ങളെ ആക്രമിക്കുന്നു എന്ന് നിലവിളിക്കുകയാണ്.
പലരും പറയുന്നത് സംഘപരിവാർ അജണ്ട ഈ സിനിമയിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്നും അതുകൊണ്ട് അത് തിരിച്ചറിയണമെന്നുമാണ്. ക്രിസ്ത്യൻ ഇസ്ലാം മതവിശ്വാസം ഉയർത്തിപ്പിടിക്കുന്ന നിരവധി സിനിമകൾ ഇവിടെ ഉണ്ടായിട്ടുണ്ട്. കമ്മ്യൂണിസം തള്ളുന്ന സിനിമകളുടെയും നാടകങ്ങളുടെയും എണ്ണം അനവധിയാണ്. അപ്പോള്‍ ഒന്നുമില്ലാത്ത ചൊറിച്ചിൽ ഇപ്പോൾ ഉണ്ടാകുന്നത് എന്തിൻറെ പേരിലാണെന്ന് അദ്ദേഹം ചോദിക്കുന്നു. ഇങ്ങനെ ചോദിച്ചാൽ സംഘി എന്ന് വിളിച്ചു വാ അടപ്പിക്കാനാണ് പലരും ശ്രമിക്കുന്നത്. അതുകൊണ്ട് സങ്കി എന്ന് വിളിച്ചാൽ അതേ സങ്കിയാണെന്ന് തിരിച്ചു പറഞ്ഞാൽ തീരും ഈ അടിമ ജീവിതമെന്ന് ജിതിൻ ജേക്കബ് കുറിച്ചു.