ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് നടന് സിദ്ദിഖ് പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധേയമായി. ഓരോ സിനിമയും ഒരു പുതിയ പാഠമാണ്. പലരും ചേർന്നാണ് ഓരോ താരങ്ങളെയും തേച്ചു മിനുക്കിയെടുക്കുന്നത്. പലരുടെയും കഥാപാത്രങ്ങളിലൂടെ മാറിമാറി വരുമ്പോഴാണ് മോൾഡ് ചെയ്യപ്പെടുന്നത്. മമ്മൂട്ടിയെ തേടി നല്ല കഥാപാത്രങ്ങൾ വരുമ്പോഴാണ് അദ്ദേഹത്തിന് അത് ചെയ്യാൻ കഴിയുന്നത്.
അത്തരത്തിലുള്ള ചിത്രങ്ങൾ ഉണ്ടാക്കുവാൻ മമ്മൂട്ടിയെ കൊണ്ട് പറ്റില്ല. അത് മറ്റൊരാൾ ഉണ്ടാക്കി കൊണ്ടുവരണം. ലിജോ ജോസ് പല്ലിശ്ശേരി നന്‍പകല്‍ നേരത്തു മയക്കം എന്ന ഒരു ചിത്രം ഉണ്ടാക്കി മമ്മൂട്ടിയുടെ അടുത്ത് ചെല്ലുമ്പോൾ മാത്രമേ അദ്ദേഹത്തിന് അത് ചെയ്യാൻ കഴിയുകയുള്ളൂ. അല്ലാതെ മമ്മൂട്ടി നാന്‍പകല്‍ നേരത്ത് മയക്കത്തിലെ കഥാപാത്രം ഉണ്ടാക്കി ലിജോ ജോസ് പല്ലിശ്ശേരിയെ വിളിക്കുകയല്ല ചെയ്യുന്നത്. ഇതിൻറെ പിന്നിൽ പണിയെടുക്കുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. അവർ മമ്മൂട്ടിയെ സമീപിക്കുന്നത് അദ്ദേഹം നേരത്തെ ചെയ്ത സിനിമകൾ കണ്ടിട്ടാണ്.
ഈ കഥാപാത്രം ചെയ്താൽ ശരിയാകില്ല എന്ന് ചിന്തിക്കാതെ അത് സ്വീകരിച്ച് തന്നിലെ മറ്റൊരു നടനെ കൊണ്ടുവരാം എന്ന എഫർട്ട് മമ്മൂട്ടി എടുക്കുന്നുണ്ട്. ഇതുപോലുള്ള കഥാപാത്രങ്ങൾ ഉണ്ടാക്കുന്ന നിരവധി പേരുണ്ട്. അവരുടെ ചിന്തയുടെ പരിണിത ഫലമാണ് ഈ കഥാപാത്രങ്ങൾ. അതുകൊണ്ട് അവരെയും നമ്മൾ അഭിനന്ദിച്ചേ മതിയാകൂ.
റോഷക്, നാന്‍പകല്‍ നേരത്ത് മയക്കം , ഭീഷ്മപർവ്വം തുടങ്ങിയ സിനിമകൾ കണ്ടിട്ട് മമ്മൂട്ടി പുതിയ കഥാപാത്രങ്ങളെ കൊണ്ടുവരുന്നു എന്ന് പറഞ്ഞ് അഭിനന്ദിക്കുമ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ച ഒരുപാട് പേരെ പലരും മറന്നുപോകുന്നു. അവരാണ് അത്തരത്തിലുള്ള കഥാപാത്രങ്ങൾ ഉണ്ടാക്കിയത്. അത് ഒരിക്കലും വിസ്മരിച്ചുകൂടാ. മമ്മൂട്ടി ആ കഥാപാത്രം ചെയ്തു മറ്റുള്ളവരെ ഞെട്ടിക്കുകയാണെങ്കിൽ മമ്മൂട്ടിയെ ആ കഥാപാത്രമാക്കി മാറ്റാൻ ശ്രമിക്കുന്ന നിരവധിപേർ ഇവിടെയുണ്ട്. അവരും മമ്മൂട്ടിയെ പോലെ തന്നെ അഭിനന്ദനം അർഹിക്കുന്നവരാണെന്ന് സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.