സിനിമ നടൻ എന്നതിനപ്പുറം സഹജീവികളുടെ കണ്ണുനീര് കാണുമ്പോൾ മനസ്സ് അലിയുന്ന ഒരു മനുഷ്യൻ എന്ന നിലയിൽ കൂടിയാണ് സുരേഷ് ഗോപിയെ മലയാളികൾ സ്നേഹിക്കുന്നത്. തൻറെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗവും അദ്ദേഹം ചെലവഴിക്കുന്നത് പാവങ്ങളെ സഹായിക്കാൻ വേണ്ടിയാണ്. ഇപ്പോഴിതാ തളർന്നു കിടന്ന യുവതിക്ക് സഹായവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. പാലക്കാട് പെരുമ്പിള്ളി കണ്ണന്റെ ഭാര്യ രാജേശ്വരിയാണ് താരത്തിന്റെ ഇടപെടലിൽ ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുന്നത്.
രാജേശ്വരിയുടെ ഭർത്താവ് കണ്ണൻ ഒരു കെ എസ് ആർ ടിസി ജീവനക്കാരനാണ്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവര്‍ത്തകരാണ് ഈ കുടുംബത്തിൻറെ ദുരന്തത്തെക്കുറിച്ച് പുറം ലോകത്തെ അറിയിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട സുരേഷ്ഗോപി ഇവരെ സഹായിക്കാനായി മുന്നോട്ടു വരികയായിരുന്നു.
കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഒറ്റ കിടപ്പിലായിരുന്നു രാജേശ്വരി. മൂന്നാമത്തെ പ്രസവത്തോടെയാണ് ഇടുപ്പു വേദന വന്നു രാജേശ്വരി പൂർണമായി രോഗശയ്യയിൽ ആകുന്നത്. എന്നാൽ രാജേശ്വരിക്ക് വേണ്ട ചികിത്സ നൽകുന്നതിനോ ആശുപത്രിയിൽ കാണിക്കുന്നതിനോ ഉള്ള സാമ്പത്തികമായ സ്ഥിതിയിലായിരുന്നില്ല കണ്ണൻ. ഇതിനിടെ കെ എസ് ആർ ടിസി ജീവനക്കാർക്ക് ശമ്പളം കൂടി കിട്ടാതെ വന്നതോടെ ജീവിതം തീരാ ദുരിതത്തിലായി. രാജേശ്വരിയുടെയും കണ്ണന്റെയും ദുരിത ജീവിതത്തെക്കുറിച്ച് കേട്ടറിഞ്ഞ സുരേഷ് ഗോപി അവരുടെ ചികിത്സയുടെ മുഴുവൻ ചിലവുകളും ഏറ്റെടുക്കാൻ മുന്നോട്ടു വന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രാജേശ്വരി ചികിത്സ തേടി. ആറു മാസത്തെ ചികിത്സ കൊണ്ട് തന്നെ അവർക്ക് എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞു. ദുരിതക്കയത്തില്‍ നിന്നും തന്നെന്യും കുടുംബത്തെയും കൈപിടിച്ച് നടത്തിയ സുരേഷ് ഗോപിയെ നേരിട്ട് കണ്ട് നന്ദി പറയണം എന്നതാണ് കണ്ണന്റെയും രാജേശ്വരിയുടെയും ഏറ്റവും വലിയ ആഗ്രഹം.