കളക്ടർക്ക് വിശ്വാസം പാടില്ലെന്ന് ഒരു നിയമസംഹിതയിലും പറഞ്ഞിട്ടില്ല… വിശ്വാസിയായ ഒരു ബ്യൂറോക്രാറ്റ് അമ്പലത്തിലെത്തുമ്പോൾ തൊഴുകയും പള്ളിയിലെത്തുമ്പോൾ മുട്ടുകുത്തി പ്രാർത്ഥിക്കുകയും മോസ്കിലെത്തുമ്പോൾ നിസ്കരിക്കുകയും ചെയ്യും…. ആന്റോ ജോസഫ്

 പത്തനംതിട്ട ജില്ലയുടെ ചുമതല വഹിക്കുന്ന കളക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ ശബരിമലയിലേക്കുള്ള തങ്ക അങ്കി ദർശനത്തിനിടെ ശരണം വിളിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിലർ കളക്ടറുടെ ഈ നടപടിയെ വിമർശിച്ചു രംഗത്ത് വന്നു. എന്നാൽ മറ്റു ചിലർ ഇതിൽ പ്രത്യേകിച്ച് എന്തെങ്കിലും അസ്വഭാവികത ഉള്ളതായി കാണാൻ കഴിയില്ല എന്ന വാദം ഉന്നയിച്ചു. ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പ്രമുഖ ചലച്ചിത്ര നിർമ്മാതാവ്  ആന്റോ ജോസഫ്. ദിവ്യ എസ് അയ്യരുടെ വീഡിയോയുടെ ഒപ്പമാണ് ആൻഡോ ജോസഫ് കുറുപ്പ് പങ്കുവെച്ചത്.

ശബരിമല തീർത്ഥാടന കാലവും അത് സൃഷ്ടിക്കുന്ന അനിര്‍വചനീയമായ ഭക്തിയുടെ അന്തരീക്ഷവും അതിന്റെ പാരമ്യത്തില്‍ നിൽക്കുന്നതിനിടെ അയ്യപ്പന്റെ കഥ പറയുന്ന ഒരു സിനിമ അവതരിപ്പിക്കാൻ കഴിഞ്ഞത് ഈശ്വരാനുഗ്രഹം ആണ്. മാളികപ്പുറം എന്ന ചിത്രം മണ്ഡലകാലത്ത് തീയറ്ററിൽ എത്തുന്നത് ചൂണ്ടിക്കാട്ടി ആന്റോ ജോസഫ് പറഞ്ഞു. 

Screenshot 44

കളക്ടറുടെ വീഡിയോ ഇതിനോടകം പലരും കണ്ടിട്ടുണ്ടാകും. എന്നാൽ അതിൽ താൻ കണ്ടത് കളങ്കമില്ലാത്ത ഭക്തി മാത്രമാണ്. ദിവ്യ എസ് അയ്യരുടെ ഔദ്യോഗിക പദവി കളക്ടറുടെതാണ്. എന്നാൽ കളക്ടർക്ക് വ്യക്തിപരമായ വിശ്വാസങ്ങൾ പാടില്ല എന്ന് ഒരു നിയമസംഹിതയിലും ഔദ്യോഗിക ചട്ടത്തിലും ഇല്ല. ആന്‍റോ ജോസഫ് ചൂണ്ടിക്കാട്ടുന്നു. വിശ്വാസിയായ ഒരു ബ്യൂറോക്രാറ്റ് അമ്പലത്തിൽ എത്തുമ്പോൾ തൊഴുകയും പള്ളിയിൽ എത്തുമ്പോൾ മുട്ടുകുത്തി പ്രാർത്ഥിക്കുകയും മോസ്കിലെത്തുമ്പോൾ നിസ്കരിക്കുകയും ചെയ്യും. അതൊന്നും പാടില്ല എന്ന് ഒരു ഭരണഘടനയും പറയുന്നില്ല.

ദിവ്യ ശരണം വിളിച്ചത് അവർ വിശ്വാസിയായതുകൊണ്ടാണ്. ശരണം വിളിയാണ് ശബരിമലയിലെ ആചാരങ്ങളുടെ അടിസ്ഥാനം. അവിടേക്ക് പോകുന്ന യാത്രയിൽ എല്ലാ മതവിഭാഗത്തിൽ പെട്ടവരും വിളിക്കുന്നത് സ്വാമിയേ ശരണമയ്യപ്പാ എന്ന് തന്നെയാണ്. പമ്പയിൽ പവിത്രമായ ഒരു ചടങ്ങിനിടെ ശരണം വിളിക്കുന്നത് കളക്ടർ ആയ ദിവ്യയല്ല വിശ്വാസിയായ ഒരു  സാധാരണ സ്ത്രീയാണ്. അങ്ങനെ കരുതിയാൽ എല്ലാ പ്രശ്നങ്ങളും വിവാദങ്ങളും അവസാനിക്കും. അവരുടെ ഭർത്താവിന്റെ പേര് ശബരിനാഥൻ എന്നാണെന്ന് ചിന്തിക്കുമ്പോൾ ആ വിശ്വാസത്തിന്റെ തീവ്രത കൂടുതൽ തീവ്രമായി തന്നെ മനസ്സിലാക്കാൻ കഴിയും. ശരണം വിളി ക്ഷേത്രസന്നിധിയിൽ ഉള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ പരിധിയിൽ വരുന്ന കാര്യമാണ്. അതിൽ വിശ്വാസത്തെ മാത്രം കണ്ടാൽ മതി. അല്ലാതെ അതിലേക്ക് ഔദ്യോഗിക കൃത്യനിർവഹണത്തെ കൂട്ടി കലർത്താതിരിക്കുകയാണ് വേണ്ടത് എന്നും ആന്റോ ജോസഫ് പറയുന്നു.