കഴിഞ്ഞ ദിവസമാണ് കുടുംബത്തിന്റെ ഒപ്പം യാത്ര ചെയ്തിരുന്ന പ്രമുഖ ജാർഖണ്ഡ് ചലച്ചിത്ര താരം ഇഷ ആല്യ മോഷണ സംഘത്തിന്റെ ആക്രമണത്തിൽ മരണത്തിന് കീഴടങ്ങിയത്. ഈ സംഭവത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പോലീസ്. കവർച്ചാ ശ്രമത്തിനിടെ ഉണ്ടായ മരണം ആണോ ഇത് എന്ന കാര്യത്തിൽ പോലീസിന് സംശയമുണ്ട്. ഈ മരണത്തിൽ നടിയുടെ ഭർത്താവും പ്രമുഖ നിർമ്മാതാവുമായ പ്രകാശ് കുമാറിന് പങ്കുണ്ടോ എന്ന് സംശയിക്കുകയാണ് പോലീസ്. ഇതിന്റെ കാരണം പ്രകാശ് പോലീസിന് നൽകിയ മൊഴിയിലുള്ള പൊരുത്തക്കേടുകൾ ആണ്.
റാഞ്ചിയിൽ നിന്ന് കൽക്കട്ടയിലേക്ക് കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് നടിക്കും കുടുംബത്തിനും എതിരെ ആക്രമണം ഉണ്ടാകുന്നത്. അപ്പോൾ കാറിനുള്ളിൽ നടി ഇഷ ആല്ല്യയും ഭര്ത്താവ് പ്രകാശ് കുമാറും മൂന്നു വയസ്സുകാരി മകളും ഉണ്ടായിരുന്നു.ഇവര് ഹൌറ ജില്ലയിലുള്ള ദേശീയപാതയിലെ മഹിശ്രേഖ പാലത്തിൽ എത്തിയപ്പോൾ മൂത്രമൊഴിക്കാനായി കാര് നിർത്തി. കാറിനു പുറത്തിറങ്ങിയ തങ്ങളെ മൂന്നംഗ സംഘം ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് ഭർത്താവ് നൽകിയ മൊഴി.
പാലത്തിന് സമീപത്ത് മൂത്രമൊഴിക്കാൻ ഇറങ്ങിയപ്പോഴാണ് ആക്രമണം നേരിട്ടത്. എന്നാൽ കൃത്യമായി ഈ സ്ഥലത്ത് തന്നെ കവർച്ചക്കാർ എങ്ങനെ എത്തി എന്ന കാര്യത്തിൽ പോലീസിന് സംശയമുണ്ട്. ഈ ആക്രമികൾ വാഹനം പിന്തുടർന്നതിന്റെ ഒരു ലക്ഷണവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുൻകൂട്ടി പ്ലാൻ ചെയ്യാതെ എങ്ങനെ ഇത്ര കൃത്യമായി അവിടെ എത്തിയപ്പോൾ ഇങ്ങനെ സംഭവിച്ചു എന്ന കാര്യത്തിൽ പോലീസിന് സംശയമുണ്ട്. ദേശീയപാതയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. നടിയുടെ ഭർത്താവ് പ്രകാശ് കുമാറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നുണ്ട്. അധികം വൈകാതെ ഈ കേസിന്റെ ചുരുളഴിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് പോലീസ്.