തമിഴകത്തെ ലേഡീസ് സൂപ്പർസ്റ്റാർ നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കണക്ട് എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തീയറ്ററിൽ എത്തിയത്. ഹൊറർ ജോണറിൽ അണിയിച്ചൊരുക്കിയ ഈ ചിത്രത്തിൽ സത്യ രാജ്, അനുപം ഖേർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഈ ചിത്രം. അടുത്തിടെ നയൻതാരയെ പേരെടുത്ത് പറയാതെ നടി മാളവികാ മോഹൻ ഒരു വിമർശനം നയിക്കുകയുണ്ടായി. രാജാറാണി എന്ന ചിത്രത്തിലെ ഒരു ആശുപത്രിരംഗത്തിൽ ഫുൾ മേക്കപ്പിൽ പ്രത്യക്ഷപ്പെട്ട നയൻസിനെയാണ് നടി വിമർശിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട നയൻസ് തന്റെ പുതിയ ചിത്രത്തിന്റെ വിജയഘോഷത്തിന്റെ ഭാഗമായി നല്കിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് വിശദീകരിക്കുകയുണ്ടായി.
താൻ ഒരു സിനിമയിൽ ഫുൾ മേക്കപ്പിൽ ഇരുന്നതിന് ഒരു നടി വിമർശിച്ചതായി കാണാനിടയായി. അവർ തന്റെ പേരെടുത്ത് പറഞ്ഞില്ല. പക്ഷേ അത് തന്നെയാണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി. ചിത്രത്തിലെ ഒരു ആശുപത്രി രംഗത്തിൽ ഫുൾ മേക്കപ്പിൽ അഭിനയിച്ചെന്നും തന്റെ മുടിയും മുഖവും ഉലയാതെ വളരെ പെർഫെക്ട് ആയി കണ്ടു എന്നുമാണ് അവർ പറഞ്ഞത്. ഒരാൾ ആശുപത്രിയിൽ ആണെങ്കിൽ പോലും അവരുടെ മുടി ചീകാതെ അലങ്കോലമാക്കി ഇടണം എന്ന് നിർബന്ധമുണ്ടോ എന്ന് നയൻസ് ചോദിക്കുന്നു. ആശുപത്രിയിൽ ആണെങ്കിൽ പോലും ഒരു രോഗിയുടെ മുടി വൃത്തിയാക്കാനും നോക്കാനും പരിചരിക്കാനും ഒക്കെ ആളുകൾ ഉണ്ടാകും.
റിയലിസ്റ്റിക് ആയ സിനിമയും വാണിജ്യ സിനിമയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. റിയലിസ്റ്റിക് ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ യഥാർത്ഥ ജീവിതത്തിൽ കാണുന്നതുപോലെ ഒരു മേക്കപ്പും ഇടാതെ അഭിനയിക്കേണ്ടതായി വരും. പക്ഷേ അതുപോലെയല്ല വാണിജ്യ സിനിമകൾ ചെയ്യുന്നത്. കാണുന്നവർക്ക് ഇഷ്ടം തോന്നുന്ന രീതിയിലാണ് അതിൽ മേക്കപ്പ് ചെയ്യുക. മാളവിക പറഞ്ഞ രംഗം ഒരു വാണിജ്യ സിനിമയിലെതാണ്. ആ സംവിധായകൻ പറഞ്ഞതു പോലെയാണ് അഭിനയിച്ചത്. സംവിധായകനെ അനുസരിക്കുന്ന ഒരു ആർട്ടിസ്റ്റ് ആണ് താനെന്നും നടി അഭിപ്രായപ്പെട്ടു.