വിനയൻ സംവിധാനം ചെയ്ത 19 ആം നൂറ്റാണ്ട് എന്ന ചിത്രത്തെ ഐ എഫ് കെ യിൽ നിന്നും ഒഴിവാക്കിയത് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന്റെ വാശി മൂലമാണെന്ന് സംവിധായകൻ വിനയൻ. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിലൂടെയാണ് അദ്ദേഹംരഞ്ജിത്തിനെതിരെ വിമർശനം ഉന്നയിച്ചത്. സാംസ്കാരിക മന്ത്രി നേരിട്ട് വിളിച്ചു പറഞ്ഞിട്ട് പോലും 19ആം നൂറ്റാണ്ട് എന്ന സിനിമ ഐ എഫ് എഫ് കെ യിലെ ഡെലിഗേറ്റ്സിന് വേണ്ടി ഒരു അനൗദ്യോഗിക ഷോ പോലും കളിക്കാൻ അനുവദിക്കാതിരുന്ന ചെയർമാന്റെ വാശിയെ കുറിച്ചാണ് താൻ പറഞ്ഞതെന്നും അല്ലാതെ രഞ്ജിത്തിനെ വ്യക്തിപരമായി വിമർശിക്കുകയല്ല ചെയ്തതെന്നും വിനയൻ പറഞ്ഞു.
19ആം നൂറ്റാണ്ട് കണ്ടതിനു ശേഷം ഈ ചിത്രം ഔദ്യോഗിക വിഭാഗത്തിൽ ഇല്ലെങ്കിൽ കൂടി പുതിയ തലമുറ കണ്ടിരിക്കേണ്ടതും മൺമറഞ്ഞ നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥ പറയുന്നതുമായ ചരിത്ര സിനിമ എന്ന നിലയിലും കലാമൂല്യത്തിലും ടെക്നിക്കൽ ആയും മികച്ച രീതിയിൽ എടുത്ത സിനിമ എന്ന നിലയിലും ഐ എഫ് എഫ് കെ യിൽ ഒരു പ്രത്യേക പ്രദർശനം നടത്താൻ വേണ്ടത് ചെയ്യും എന്നാണ് സാംസ്കാരിക വകുപ്പ് മന്ത്രി പറഞ്ഞത് . എന്നാൽ അക്കാദമിയുടെ ബയലോയില് അങ്ങനെ ഇല്ല എന്ന അടിസ്ഥാനമില്ലാത്ത കാരണം ചൂണ്ടിക്കാട്ടി ആ ചിത്രം ഒഴിവാക്കാൻ രഞ്ജിത്ത് കാണിച്ച കുബുദ്ധിയെ കുറിച്ചാണ് താൻ പറഞ്ഞതെന്ന് വിനയന് അഭിപ്രായപ്പെട്ടു. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം അന്തരിച്ച പ്രശസ്ത സാഹിത്യകാരനായ ടി പി രാജീവന് ഒരു ട്രിബൂട്ടായി കാണിച്ചത് പ്രശംസ അർഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അത്തരത്തിൽ ചരിത്രത്തിന്റെ ഏടുകൾ ബോധപൂർവ്വം ഒഴിവാക്കിയ കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ സിനിമയും മന്ത്രി പറഞ്ഞതുപോലെ കാണിക്കാമായിരുന്നു. നവോത്ഥാന കഥകൾ പാടി പുകഴ്ത്തുന്ന ഇടത് പക്ഷസര്ക്കാരിന് അത് ചെയ്യാമായിരുന്നു. നേരത്തെ തന്നെ ഒഴിവാക്കാനും സിനിമ ചെയ്യാതിരിക്കാനും മുൻകൈ എടുത്ത മനസ്സുകൾക്ക് മാറ്റമുണ്ടായി എന്ന തന്റെ ചിന്തകൾ വെറുതെയാണോ എന്ന ഭയവും വിനയൻ പങ്കുവെച്ചു.