ഗർഭിണി ആയിരിക്കുമ്പോൾപ്പോലും മുകേഷിൽ നിന്നും പലതരത്തിലുള്ള ഉപദ്രവങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് മുകേഷിന്റെ മുൻ ഭാര്യ സരിത. താൻ വേദന കൊണ്ട് കരയുമ്പോൾ നല്ല നടിയാണ് എന്ന് പറഞ്ഞ് ചിരിക്കുമായിരുന്നെന്നും സരിത പറയുന്നു.
ഇത്രയൊക്കെ സഹിച്ചിട്ടും പോലീസിൽ പരാതിപ്പെടാതിരുന്നത് മുകേഷിന്റെ അച്ഛനായ ഓ മാധവന് താൻ വാക്ക് നൽകിയത് കൊണ്ടാണെന്നും സരിത പറയുന്നു. എല്ലാവരും അറിഞ്ഞപ്പോഴാണ് മുകേഷ് വീണ്ടും വിവാഹിതനായ കാര്യം താൻ അറിഞ്ഞത്. ഡിവോഴ്സ് ലഭിച്ചിരുന്നില്ല. 2018ല്‍ വിവാഹമോചന ഹർജി പിൻവലിക്കുകയും ചെയ്തു. പിന്നീട് മകനെ വിളിച്ച് ഡിവോഴ്സ് കിട്ടിയ കാര്യം പറഞ്ഞു. ഭാര്യ എന്ന നിലയിൽ തന്റെ അനുമതിയില്ലാതെ എങ്ങനെ അദ്ദേഹത്തിന് ഡൈവേഴ്സ് കിട്ടിയതെന്ന് മനസ്സിലാകുന്നില്ലെന്ന് സരിത പറയുന്നു.
മുകേഷിനെതിരെ ഗാർഹിക പീഡനത്തിനും വിവാഹമോചനത്തിനുമായി രണ്ട് പരാതി നൽകിയിരുന്നു. അത് പിൻവലിക്കുകയാണെങ്കിൽ മ്യൂച്ചല്‍ ഡിവോഴ്സിന് ശ്രമിക്കാം എന്നാണ് പറഞ്ഞത്. സിനിമയിൽ മാത്രമേ ഇതൊക്കെ കണ്ടിട്ടുള്ളൂ. സ്വന്തം ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മറ്റൊരാളോട് ഇതിനെക്കുറിച്ച് പറയാൻ പോലും നാണക്കേട് തോന്നിയിരുന്നു.
മുകേഷിന്റെ അച്ഛന് ഒരു വാക്ക് കൊടുത്തിരുന്നു. അതുകൊണ്ടാണ് പോലീസിൽ പരാതിപ്പെടാതിരുന്നത്. തന്റെ മകൻ ശരിയല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അത് മീഡിയയിൽ വരരുതെന്ന് അദ്ദേഹം തന്നോട് പറഞ്ഞു. എല്ലാം സഹിക്കണമെന്ന് പറഞ്ഞു. മരണം വരെ അദ്ദേഹത്തിന് നൽകിയ വാക്ക് താന്‍ പാലിച്ചു. താന്‍ മുകേഷിൽ നിന്ന് നിരവധി തവണ ശാരീരികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ട് എന്ന് സരിത പറയുന്നു.