ഇന്ത്യൻ സിനിമയിൽ സ്റ്റൈൽ എന്നതിന് ഒരു പര്യായമാണ് രജനികാന്ത്. എല്ലാ അർത്ഥത്തിലും ഇന്ത്യൻ സിനിമാ ലോകത്തെ സൂപ്പർസ്റ്റാർ. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് 72 വയസ്സ് തികഞ്ഞത്. അഭിനയത്തിന്റെ കുലപതി എന്നൊന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാൻ കഴിയില്ല. പക്ഷേ രജനികാന്തിനോളം താരമൂല്യവും താരാരാധനയും സ്വന്തമാക്കിയിട്ടുള്ള മറ്റൊരു നടനും ഇതുവരെ ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
ഇങ്ങനെയൊക്കെ ആണെങ്കിലും ഒരിക്കൽ സിനിമ തന്നെ എന്നന്നേക്കുമായി ഉപേക്ഷിക്കാം എന്ന തീരുമാനത്തിൽ രജനി എത്തിയിരുന്നു. പടയപ്പ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് രജനി അത്തരം ഒരു തീരുമാനമെടുത്തത്. എന്നാൽ ആ തീരുമാനത്തിൽ നിന്നും തലൈവരെ പിന്തിരിപ്പിച്ചതിന് പിന്നിൽ ഒരു വലിയ കാരണമുണ്ടായിരുന്നു. അദ്ദേഹം ആത്മീയ ഗുരുവായി കരുതിയിരുന്ന ബാബാജി ആയിരുന്നു രജനിയെ ആ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചത്.
രജനികാന്ത് തന്റെ ഗുരുവായ സച്ചിദാനന്ദൻ വിളിച്ചത് അനുസരിച്ച് അമേരിക്കയിലെ ഒരു ആശ്രമത്തിൽ ഒരു മാസത്തോളം താമസിച്ചിരുന്നു. സിനിമയിൽ നിന്നും എന്നെന്നേക്കുമായി വിട പറയുകയാണ് എന്ന തീരുമാനത്തിൽ എത്തിയ സമയമായിരുന്നു അത്. അന്ന് അദ്ദേഹത്തിന്റെ കയ്യിൽ യോഗിയുടെ ആത്മകഥ എന്ന പുസ്തകം ഉണ്ടായിരുന്നു. പരമഹംസ യോഗാനന്ദയുടെ ആത്മകഥയായ ഈ പുസ്തകത്തിൽ നിന്നാണ് അദ്ദേഹം മഹാ അവതാരമായ ബാബാജിയെ കുറിച്ച് മനസ്സിലാക്കുന്നത്. ചില അനുഭവങ്ങളുടെ വെളിച്ചത്തില് പിന്നീട് അദ്ദേഹം ബാബാജിയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.
ബാബാജിയുടെ നിർദ്ദേശം അനുസരിച്ചാണ് അദ്ദേഹം വീണ്ടും അഭിനയിക്കാൻ തീരുമാനിച്ചത്. രജനികാന്ത് തന്നെ കഥയും തിരക്കഥയും എഴുതിയ ഈ ചിത്രം വമ്പൻ പരാജയമായി മാറി. പക്ഷേ ചന്ദ്രമുഖി എന്ന സൂപ്പർ മെഗാ ഹിറ്റ് ചിത്രത്തിലൂടെ അദ്ദേഹം വീണ്ടും തിരിച്ചുവരവ് നടത്തി. ബാബാജിയുടെ നിർദ്ദേശമാണ് അതിന്റെ പിന്നിലും പ്രവർത്തിച്ചതെന്ന് രജനി തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.