
സമൂഹ മാധ്യമങ്ങള്‍ മാനവ സംസ്കരണത്തിന്റെ വേദികളാകുന്ന പുത്തന്‍ കാലങ്ങളിലൂടെ ആണ് നമ്മള് കടന്നു പോകുന്നത്. ചർച്ച ചെയ്യാനും ചർച്ച ചെയ്യപ്പെടാനും ഒരു തലമുറയെ പ്രേരിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നതില്‍ സോഷ്യല്‍ മീഡിയക്കുള്ള ഉത്തരവാദിത്വം വലുതാണെന്ന തിരിച്ചറിവുള്ളവരാണ് നമ്മില്‍ ഏറിയ കൂറും.

അനീതിക്കെതിരെ ശബ്ദമുയര്‍ത്താനും ആ ശബ്ദത്തെ അധികരിവര്ഗത്തിന്റെ കാതിലെത്തിക്കാനും അതിലൂടെ പരമ്പരാഗത വാദികളെപ്പോലും മാറ്റി ചിന്തിപ്പിക്കാനും ഒരു പരിധി വരെ ഈ പ്ലാറ്റ്ഫോമുകള്‍ക്ക് സാധിക്കുന്നുണ്ട്.

ഫെയിസ്ബുക്കും ഇന്‍സ്റ്റഗ്രാമും ട്വിറ്ററും ഒക്കെ അതിനു വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എഴുത്തും ആശയപ്രചരണവുമായി ഫെയിസ് ബുക്ക് മുന്നേറുമ്പോള്‍ ചിത്രങ്ങളിലൂടെ ഉള്ള നിശബ്ദമായ ആശയ സംവാദത്തിന് ഇന്‍സ്റ്റഗ്രാമും വേദി ആകുന്നു.

ഇത്തരത്തില്‍ തൻ്റെ ചിത്രങ്ങളിലൂടെ പൊതു ബോധത്തിനെതിരെ ശക്തമായി സംസാരിക്കിക്കുവാന് അലീന എം സുബ്രമണ്യം എന്ന മോഡലിന് കഴിയുന്നു എന്നത് ഒരു ചെറിയ കാര്യം അല്ല. ഒരു തികഞ്ഞ ആക്റ്റിവിസ്റ്റായ ഇവര്‍ അഴകി എന്ന പേരില്‍ പുറത്തു വിട്ട ചില ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നതിന് പിന്നിലെ രാഷ്ട്രീയം ഇതുകൊണ്ട് തന്നെ പൂര്‍ണവും വ്യക്തവുമാണ്.

നിറത്തിന്റെ പേരിലെ അവഗണിക്കപ്പെടലും മാറ്റി നിര്ത്തപ്പെടലുമൊക്കെ തച്ചു തകര്‍ക്കപ്പെടേണ്ടത് തന്നെ ആണ് എന്നു ഇവരുടെ ചിത്രങ്ങള്‍ പറയാതെ പറയുന്നു. ഫോട്ടോഷൂട്ടിലൂടെ ആക്റ്റിവിസ്സം എന്ന പ്രയോഗം തന്നെ വേറിട്ട ഒരു ചിന്തയുടെ പരിപ്രേക്ഷ്യമാണ്.

കൺസെപ്റ്റ് ഫോട്ടോഷൂട്ട് എന്ന ആശയത്തിന്റെ സാധ്യത സമര്‍ത്ഥമായി ഈ യുവ മോഡല്‍ ഉപയോഗിക്കുന്നു. റേസിസത്തിനും ലിംഗ മേധാവിത്വത്തിനും എതിരെ ആശയ സംവാദം നടത്തുന്നവയാണ് ഇവരുടെ ചിത്രങ്ങളത്രയും. മാറുന്ന സ്ത്രീയുടെയും പൊതു സമൂഹത്തിന്റെയും വകഭേദമായിട്ടു വേണം ഈ 21 കാരിയുടെതായി അടുത്തിടെ പുറത്ത് വന്ന ചിത്രങ്ങളെ നോക്കി കാണാന്‍..
