നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി അമല പോൾ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.വിവേക് സംവിധാനം ചെയ്ത ടീച്ചറാണ് അമലയുടെ ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ ഈ ചിത്രത്തിനു സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തിൽ വന്ന മാറ്റത്തെ കുറിച്ച് അമലാ പോൾ തുറന്നു സംസാരിച്ചു.
താൻ പഠിച്ചിരുന്ന കാലത്തെ അപേക്ഷിച്ച് ഇന്ന് കുട്ടികൾക്ക് കൂടുതൽ സ്വാതന്ത്ര്യം കിട്ടുന്നുണ്ട്. അന്നൊക്കെ കുട്ടികളെ അടിക്കുന്നത് ഉൾപ്പെടെ ടീച്ചേഴ്സിന് എന്തു വേണമെങ്കിലും ചെയ്യുന്നതിനോ പറയുന്നതിനോ കഴിയുമായിരുന്നു. അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ട്രോമാ പോലെയുള്ള അനുഭവങ്ങളിലൂടെ താന്‍ കടന്നു പോയിട്ടുണ്ട്. ഇന്ന് സ്ഥിതിഗതികൾ വളരെ വ്യത്യസ്തമാണ്. ഇന്ന് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഇടയിൽ വളരെ ആരോഗ്യകരമായ ഒരു ബൗണ്ടറി ഉണ്ട്. അത് നല്ലതാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം.
സ്വന്തം ടീച്ചറിനെ ഡേറ്റിന് കൊണ്ടു പോകുന്ന ഒരു സുഹൃത്ത് തനിക്കുണ്ട്. അതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല. കോളേജിൽ എത്തുമ്പോൾ ടീച്ചറും വിദ്യാർത്ഥികളും തമ്മിൽ വലിയ പ്രായ വ്യത്യാസം ഉണ്ടാകണമെന്നില്ല. തന്നെ കോളേജിൽ പഠിപ്പിച്ച ഒരു മിസ്സ് ഒരു ബെസ്റ്റ് ഫ്രണ്ടിനെ പോലെയായിരുന്നു. താനും അവരും തമ്മിലുള്ള പ്രായ വ്യത്യാസം വളരെ കുറവാണ്. അത് വളരെ പോസിറ്റീവും ആരോഗ്യകരവുമായ കാര്യമാണ്.
അതേസമയം മോശം അനുഭവങ്ങളുള്ള അധ്യാപകരും വിദ്യാർത്ഥികളും ഉണ്ട്. പുതിയ സിനിമയായ ടീച്ചറിൽ പറയാൻ ശ്രമിക്കുന്നത് വളരെ ഇന്റന്‍സ് ആയിട്ടുള്ള ടോപ്പിക്ക് ആണെന്നും അമലാ പോൾ കൂട്ടിച്ചേർത്തു.