സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ബോധപൂർവ്വമായ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് നടി നവ്യ നായർ അഭിപ്രായപ്പെട്ടു. പലപ്പോഴും തന്റെ മാതാപിതാക്കളെ പോലും ഈ വിഷയത്തിലേക്ക് പലരും വലിച്ചിട്ടു. അത് വലിയ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് നടി പറയുന്നു. താന്‍ അതിനെക്കുറിച്ച് പ്രതികരിച്ചാൽ അവർ അത് വലിയ ആഘോഷമാക്കി മാറ്റും എന്നതുകൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്ന് ഒരു അഭിമുഖത്തിൽ പങ്കെടുക്കവേ നവ്യ പറഞ്ഞു.
സമൂഹ മാധ്യമത്തിൽ വരുന്ന കമന്റുകൾ വായിച്ചിരിക്കുന്ന ഒരു കാലം തനിക്കും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അതിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ആ ഒരു സംഭവം കൊണ്ട് ഒരിക്കലും അനുഭവിക്കാത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നു. അത് ആദ്യത്ത അനുഭവമായതുകൊണ്ട് വല്ലാതെ വേദനിച്ചു. അത് ബോധപൂർവ്വം പ്ലാൻ ചെയ്ത ഒരു അറ്റാക്ക് ആയിരുന്നു എന്നാണ് നവ്യ പറയുന്നത്.
ഒരുപക്ഷേ ആ വിഷയത്തിൽ തനിക്ക് പങ്കുണ്ടെങ്കിൽ കൂടി എന്തുകൊണ്ടാണ് തന്റെ അച്ഛനെയും അമ്മയെയും അതിലേക്ക് വലിച്ചിട്ടതെന്ന് നവ്യ ചോദിക്കുന്നു. തന്റെ അച്ഛനും അമ്മയും വളർത്തിയ സംസ്കാരത്തിന്റെ കുഴപ്പമാണ് ഇങ്ങനെയൊക്കെ എന്ന് പറയേണ്ട എന്ത് കാര്യമാണുള്ളത്. സംസ്കാരമുള്ള വ്യക്തിയാണെന്ന് അവകാശപ്പെടുന്നവരാണ് ഇതെല്ലാം പറയുന്നത്, അത്രത്തോളം സംസ്കാരമാണ് അവര്‍ക്കുള്ളത്. ശരിക്കും അതൊക്കെ വല്ലാതെ വേദനിപ്പിച്ചു.
എന്നിട്ടു കൂടി ഒന്നും പറയാതിരുന്നു. അതിന് ഒരു കാരണമുണ്ട്. അവരെപ്പോലുള്ളവർ അത് ആഘോഷിക്കും എന്ന ബോധ്യം ഉണ്ടായിരുന്നു. അത് വീണ്ടും വാർത്തയാകും എന്നറിയാമായിരുന്നു. ആ സമയത്ത് മിണ്ടാതിരിക്കുക എന്നത് മാത്രമായിരുന്നു അപ്പോൾ മുന്നിലുണ്ടായിരുന്ന ഏക മാർഗം. ആ സംഭവത്തിന് ശേഷം സമൂഹ മാധ്യമത്തിൽ കയറി കമന്റുകൾ വായിക്കാറില്ലായിരുന്നു.
ഒരുത്തി എന്ന ചിത്രത്തിന്റെ പ്രമോഷനിൽ പങ്കെടുക്കവേ നടൻ വിനായകൻ നടത്തിയ മീടൂ പരാമർശം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഈ വാർത്ത സമ്മേളനത്തിൽ നവ്യാ നായരും പങ്കെടുത്തിരുന്നു. എന്നാൽ നവ്യ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള പ്രതികരണവും നടത്തിയില്ല. ഇത് വലിയ വിമർശനത്തിന് കാരണമായി. എന്നാൽ വിനായകൻ പറഞ്ഞതിനോട് താൻ യോജിക്കുന്നില്ല എന്നും അപ്പോൾ പ്രതികരിക്കാൻ കഴിഞ്ഞില്ല എന്നുമാണ് പിന്നീട് നവ്യ നൽകിയ വിശദീകരണം. നവ്യയ്ക്കെതിരെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് ഇതിന്റെ പേരില്‍ ഉണ്ടായത്.