രാത്രി പതിനൊന്നരയായിട്ടും അത്താഴം കഴിക്കാതെ പ്രഭാസ് കാത്തിരുന്നു… മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് നടൻ സൂര്യ…

തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസ് ഒരു കടുത്ത ബിരിയാണി പ്രേമിയാണ്. അദ്ദേഹത്തിന് ബിരിയാണിയോടുള്ള പ്രണയം പ്രശസ്തമാണ്.  തന്റെ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും വിരുന്നുരുക്കുമ്പോൾ അദ്ദേഹം പ്രധാനമായും നൽകുന്ന വിഭവവും ബിരിയാണി തന്നെ.  പ്രഭാസ് വിരുന്നു നല്കിയ പല കഥകളും മുൻപും പുറത്തു വന്നിട്ടുണ്ട്. ഇപ്പോഴിതാ പ്രമുഖ നടൻ സൂര്യയാണ് പ്രഭാസിന്റെ ബിരിയാണി പ്രണയത്തെ കുറിച്ച് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്. രണ്ടു വ്യത്യസ്ത ചിത്രങ്ങളുടെ ഷൂട്ട് ഹൈദരാബാദിലെ ഒരേ ലൊക്കേഷനിൽ നടക്കുന്നതിനിടയാണ് സംഭവം.

വളരെ അപ്രതീക്ഷിതയിട്ടാണ് ഫിലിം സിറ്റിയിൽ വച്ച് താൻ പ്രഭാസിനെ കാണുന്നത്. സംസാരിച്ചു കഴിഞ്ഞപ്പോള്‍  അത്താഴം ഒരുമിച്ച് കഴിക്കണം കാത്തിരിക്കാം എന്ന് പ്രഭാസ് പറഞ്ഞു. എന്നാൽ ആറുമണിക്ക് തുടങ്ങിയ ഷൂട്ടിംഗ് എട്ടു മണി  ആയിട്ടും തീർന്നില്ല. ഒടുവിൽ ഷൂട്ടിംഗ് അവസാനിച്ചപ്പോൾ രാത്രി 11.30 ആയിരുന്നു. വൈകിയത്കൊണ്ട് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാം എന്നാണ് താൻ കരുതിയിരുന്നതെന്ന് സൂര്യ പറയുന്നു. അതുകൊണ്ടുതന്നെ ഡിന്നറിന് എത്താൻ കഴിയാത്തതിൽ അടുത്ത ദിവസം രാവിലെ പ്രഭാസിനോട് ക്ഷമ പറയാം എന്ന് കരുതി ഹോട്ടലിന്റെ ഇടനാഴിയിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് പ്രഭാസിന്റെ മുറിയുടെ വാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തന്നെ കണ്ടതും  കുളിച്ചു വരൂ നമുക്കൊരുമിച്ച് ഭക്ഷണം കഴിക്കാമെന്ന് പ്രഭാസ് പറഞ്ഞു. ശരിക്കും അത് കേട്ടപ്പോൾ ഞെട്ടിപ്പോയി. രാത്രി പതിനൊന്നരയായിട്ടും ഭക്ഷണം കഴിക്കാതെ പ്രഭാസ് തനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. പ്രഭാസിന്റെ വീട്ടിൽ നിന്നും അമ്മ പാചകം ചെയ്ത് കൊടുത്തു വിട്ട ബിരിയാണിയായിരുന്നു അത്. അത്രയും സ്വാദിഷ്ടമായ ഒരു ബിരിയാണി മുൻപൊരിക്കലും താൻ കഴിച്ചിട്ടില്ലന്ന് സൂര്യ പറയുന്നു.  സിനിമയിൽ ഉള്ള സുഹൃത്തുക്കൾ ഹൈദരാബാദിലെത്തുമ്പോൾ അവർക്ക് വിരുന്നൊരുക്കാൻ പ്രഭാസിന് പ്രത്യേക താല്പര്യമാണെന്ന് സൂര്യ പറയുന്നു.