കഴിഞ്ഞ ദിവസമായിരുന്നു പ്രമുഖ സീരിയൽ നടി ഗൗരി കൃഷ്ണൻ വിവാഹിത ആയത്. ഗൗരി നായികയായി അഭിനയിച്ച സീരിയലിന്റെ സംവിധായകനായ മനോജ് പേയാടിനെയാണ് നടി ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. സമൂഹ മാധ്യമത്തിൽ ഈ വിവാഹം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഈ വിവാഹത്തോട് അനുബന്ധിച്ച് വിവാഹ വേദിയിൽ നിന്നുള്ള ഗൗരിയുടെ ഒരു വീഡിയോ വലിയ ചർച്ചയായി മാറി. ഇത് ഗൗരി കൃഷ്ണയ്ക്ക് വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുകയും ചെയ്തു. വിവാഹ വേദിയുടെ ചുറ്റും ദൃശ്യങ്ങളും മറ്റും പകർത്താൻ നിന്ന മാധ്യമപ്രവര്‍ത്തകരോട് മാറി നില്ക്കാന് നടി ആവശ്യപ്പെട്ടതാണ് വിമർശനങ്ങൾക്കു കാരണമായത്. നടിയുടെ പെരുമാറ്റം ഓവറായി പോയി എന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം പ്രതികരിച്ചത്. സംഭവം വലിയ ചർച്ചയായി മാറിയതോടെ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗൗരി കൃഷ്ണൻ.
താൻ ഈ കുറുപ്പ് പോസ്റ്റ് ചെയ്തത് തന്നെ ക്രിട്ടിസൈസ് ചെയ്ത എല്ലാവർക്കും വേണ്ടിയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഗൗരി കൃഷ്ണന്റെ പോസ്റ്റ് ആരംഭിക്കുന്നത്. താൻ ക്ഷണിച്ചു വരുത്തിയ അതിഥികൾക്ക് വിവാഹം കാണാൻ കഴിയാത്തത് പോലെ ചുറ്റും കൂടി നിന്ന മീഡിയകളോട് മാറിനിൽക്കാനും രണ്ട് സൈഡിലോട്ടോ അല്ലെങ്കിൽ താഴെ നിന്നോ ചിത്രം എടുക്കാനും പറഞ്ഞത് ഒരു തെറ്റായി തന്റെ മനസ്സാക്ഷിക്ക് ഇതുവരെ തോന്നിയിട്ടില്ല. കാരണം വിവാഹത്തിന് ക്ഷണിച്ച അഥിതികളോട് മറുപടി പറയേണ്ടത് അവരെ ക്ഷണിച്ച തങ്ങളാണ്. വിവാഹ ദിവസം പെണ്ണ് കാര്യങ്ങൾ നോക്കുന്നു എന്നും നാണിച്ചു നിന്നില്ല എന്നൊക്കെ പറയുന്ന കുലസ്ത്രീ ചേച്ചിമാരോട് കേവലം സഹതാപം മാത്രമാണ് തനിക്കുള്ളതെന്നും ഗൗരി കൃഷ്ണൻ കൂട്ടിച്ചേർത്തു.