ഡേവിഡ് കട്ടതൊന്നും കൊച്ചി വിട്ടു പുറത്തു പോയിട്ടില്ല… കൊച്ചിയുടെ സ്വന്തം കള്ളൻ ഡേവിഡ് വീണ്ടും പിടിയിലായി…. ഇത്തവണ പുഷ്പ സ്റ്റൈൽ…

ചേക്കിന്റെ സ്വന്തം കള്ളനാണ് മാധവനെങ്കിൽ കൊച്ചിയുടെ സ്വന്തം കള്ളനാണ് ഡേവിഡ്. ഡേവിഡ് കട്ടതൊന്നും ഇതുവരെ കൊച്ചിക്ക് പുറത്തു പോയിട്ടില്ല. കള്ളൻ ആണെങ്കിലും ആള് ഒരു മര്യാദക്കാരനാണ്. താനാണ് മോഷ്ടിച്ചത് എന്ന വിവരം സ്വയം പോലീസിനെ അറിയിക്കും. പിടിക്കാൻ ചെല്ലുന്ന പോലീസിനെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കില്ല. മാന്യനായി പോലീസിന്റെ ഒപ്പം വരികയും ചെയ്യും. പിന്നെ ഒരു കുഴപ്പം മാത്രമേയുള്ളൂ, ക്യാമറ കണ്ടാൽ പുള്ളിയുടെ ഫുൾ ഫിഗർ കിട്ടണം. ക്യാമറയുടെ മുന്നിൽ ചില അഭ്യാസങ്ങളും കാണിക്കും. ഇപ്പോൾ ആള് പുഷ്പ സ്റ്റൈലാണ്.

കഴിഞ്ഞ ദിവസമാണ് ഹോട്ടൽ കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിൽ ഡേവിഡിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മറ്റൊരു മോഷണ കേസിൽ ഡേവിഡ് ജയിൽ മോചിതനായിട്ട് അധിക ദിവസമായിട്ടില്ല.

Screenshot 558

 കൊച്ചി നഗരം കേന്ദ്രീകരിച്ചാണ് ആന്ധ്രപ്രദേശ് സ്വദേശിയായ ഡേവിഡ് എല്ലാ മോഷണവും  നടത്തുന്നത്. മോഷ്ടിക്കുന്ന സാധനങ്ങൾ എല്ലാം കൊച്ചിയിൽ തന്നെയാണ് വില്പന നടത്തുന്നത്.  പുറത്തിറങ്ങി അധികം സമയം കഴിയുന്നതിനു മുൻപ് തന്നെ അടുത്ത മോഷണം നടത്തും, താനാണ് മോഷ്ടിച്ചത് എന്ന് അറിയിക്കാൻ സിസിടിവിയിൽ നോക്കി ഒരു ചിരിയും പാസാക്കും.

കഴിഞ്ഞ ദിവസമാണ് രവിപുരം കുരിശുപള്ളിക്ക് സമീപത്തുള്ള ഹോട്ടൽ കുത്തി തുറന്ന് 53,000 രൂപ മോഷ്ടിച്ചത്. ഒരു സ്ക്രൂ  ഡ്രൈവർ ഉപയോഗിച്ച് പൂട്ട് തകർത്താണ് ഹോട്ടലിന്റെ അകത്ത് കടന്നത്. മോഷ്ടിച്ചതിനു ശേഷം തിരികെ വരുമ്പോൾ സിസിടിവി നോക്കി ചിരിച്ച് സലാം പറയുകയും ചെയ്തു. എറണാകുളം സൗത്ത് പാലത്തിന് താഴെയാണ് ഇയാൾ ഉണ്ടാകാറുള്ളത്. പോലീസിന് ഈ സ്ഥലം കൃത്യമായി അറിയാം. ഡേവിഡ് ആണ് മോഷ്ടിച്ചത് എന്നറിഞ്ഞാൽ പോലീസ് നേരെ സൗത്ത് പാലത്തിന് അടിയിൽ എത്തി ആളെ കൂട്ടിക്കൊണ്ട്വരികയാണ് പതിവ്.

 എറണാകുളം സൗത്ത് സ്റ്റേഷനിൽ മാത്രം ഒരു ഡസനിലധികം മോഷണ കേസുകൾ ഇയാളുടെ പേരിലുണ്ട്. ഇലക്ട്രോണിക് സാധനങ്ങളോടാണ് കൂടുതൽ കമ്പം. മോഷ്ടിച്ച് കിട്ടുന്ന പണം ദിവസങ്ങൾക്കുള്ളിൽ തന്നെ അടിച്ചു പൊളിച്ചു തീർക്കുകയും ചെയ്യും.