ഗായിക എന്ന നിലയിലും മോഡൽ എന്ന നിലയിലും സോഷ്യൽ മീഡിയയിൽനിരവധി ആരാധകരുള്ള വ്യക്തിയാണ് അഭയ ഹിരണ്മയി. അഭയ പങ്കു വയ്ക്കുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കും വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമത്തിൽ നിന്നും ലഭിക്കാറുള്ളത്. വളരെ വേഗം തന്നെ ചിത്രങ്ങൾ വൈറൽ ആവുകയും ചെയ്യും. എന്നാൽ അഭയയുടെ വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഉയർന്നു വരാറുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചിരിക്കുകയാണ് അഭയ. സംഗീതത്തിന് അപ്പുറം തന്റെ ഇഷ്ടങ്ങൾ എന്താണെന്ന് അഭയ ഒരു പ്രമുഖ മാധ്യമത്തിന്റെ ഓൺലൈൻ പോർട്ടലിനു നൽകിയ അഭിമുഖത്തിൽ അഭയ ഹിരണ്മയി തുറന്നു പറഞ്ഞു.
താൻ ഒരിക്കലും മോഡലിംഗ് രംഗത്ത് സജീവമായി തുടരുമോ എന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് അഭയ പറയുന്നു. അടിസ്ഥാനപരമായി ഗായിക മാത്രമാണ്. പാട്ടിന്റെ ഒപ്പം എന്തുവന്നാലും അത് ചെയ്യുന്നതിൽ ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ല.
താല്പര്യമുള്ള കാര്യത്തിൽ ഒരിക്കലും നോ പറയില്ല. ഇഷ്ടപ്പെടുകയാണെങ്കിൽ കംഫർട്ടബിൾ ആണെന്ന് തോന്നിയാൽ ഫോട്ടോഷൂട്ടുകൾ ചെയ്യുന്നതിൽ മടിയില്ല. അതേസമയം ഫോട്ടോഷൂട്ടുകളിൽ താൻ ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ ഉണ്ടാകുന്ന വിമർശനത്തെ കുറിച്ചും അഭയ മനസ്സ് തുറന്നു.
അത്തരത്തിലുള്ള വിമർശനങ്ങൾ ചർച്ച ചെയ്യേണ്ട കാര്യം ഉണ്ടെന്നു പോലും ഇതുവരെ തോന്നിയിട്ടില്ലന്ന് അഭയ പറയുന്നു. വസ്ത്രധാരണം എന്നത് ഓരോ വ്യക്തിയുടെയും ചോയിസ് ആണ്. അതുപോലെതന്നെ വിമർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. വിമർശനങ്ങൾ കേട്ട് അസഹിഷ്ണുത ഉണ്ടായാൽ പിന്നെ അതിന് മാത്രമേ നേരമുണ്ടാവുകയുള്ളൂ. ഒരാൾ ധരിക്കുന്ന വസ്ത്രം കണ്ട് ഓരോരുത്തർക്കും ഓരോ അഭിപ്രായമാവും ഉണ്ടാവുക. മറ്റുള്ളവർ പറയുന്നത് എന്തുതന്നെയാണെങ്കിലും അതൊന്നും ശ്രദ്ധിക്കാറില്ല.
എല്ലാ വസ്ത്രവും ഇണങ്ങുന്ന വ്യക്തിയാണ് താൻ. സാരി ധരിക്കും എന്നേയുള്ളൂ, അല്ലാതെ ഒരിക്കലും അതിനോട് അമിതമായി ഇഷ്ടമില്ല. ഇട്ടാൽ ഭംഗിയുണ്ടെന്ന് തോന്നുന്ന എല്ലാ വസ്ത്രവും ധരിക്കാറുണ്ടെന്നും അഭയ ഹിരൺമയി കൂട്ടിച്ചേർത്തു.