സ്ത്രീകൾ ഒറ്റയ്ക്കോ ഒരു ഗ്രൂപ്പ് ആയോ പള്ളിയുടെ ഉള്ളില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഡൽഹി ജുമാ മസ്ജിദ് പള്ളി കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ശക്തമായ വിമർശനമിച്ച് പ്രമുഖ തെന്നിന്ത്യന്‍ നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. ഡൽഹി ജുമാ മസ്ജിദ് പള്ളി കമ്മിറ്റി ഉത്തരവ് പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുക ആയിരുന്നു അവർ.
എന്തിനാണ് സ്ത്രീവിരുദ്ധതയും സ്ത്രീകൾക്ക് മാത്രമായി പ്രത്യേകം നിയമങ്ങളും എന്ന് ഖുശ്ബു ചോദിച്ചു. ഇപ്പോൾ ഉണ്ടായിരിക്കുന്ന പുതിയ നിയന്ത്രണം പച്ചയായ സ്ത്രീ വിരുദ്ധതയാണെന്ന് ഖുശ്ബു അഭിപ്രായപ്പെട്ടു.
ഒരു സ്ത്രീ ചെയ്യുന്നതിനേക്കാൾ കൂടുതൽ മോശം കാര്യങ്ങൾ ഒരു പുരുഷന് ചെയ്യാൻ കഴിയും. പൊള്ളയായതും കാപട്യം നിറഞ്ഞതുമാണ് ഈ നടപടി. ഇതിലൂടെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് സ്ത്രീവിരുദ്ധതയാണ്. ഒരിക്കലും ഇത് അംഗീകരിച്ചു കൊടുക്കാൻ കഴിയുന്ന കാര്യമല്ലന്നും ഖുശ്ബു പറഞ്ഞു.
പുരുഷന്മാരുടെ ഒപ്പം അല്ലാതെ ഒരു കാരണവശാലും സ്ത്രീകളും പെൺകുട്ടികളും പള്ളിയുടെ അകത്ത് പ്രവേശിക്കരുതെന്ന് ഡൽഹി ജുമാ മസ്ജിദ് ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് വലിയ വിവാദമായി മാറി. തുടർന്നാണ് ഖുഷ്ബു പള്ളി കമ്മിറ്റിക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചത്.
അതേ സമയം ഒരു ആരാധനാലയത്തിന്റെ പവിത്രതയും ബഹുമാനവും കാത്തു സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ പ്രതികരിച്ചു. പെൺകുട്ടികൾക്കും അതുപോലെതന്നെ സ്ത്രീകൾക്കും അവരുടെ കുടുംബാംഗങ്ങളുടെ ഒപ്പം മസ്ജിദിന്റെ ഉള്ളിൽ പ്രവേശിക്കാൻ കഴിയും. വിവാഹിതരായ ദമ്പതിമാർക്കും പള്ളിയുടെ ഉള്ളിൽ പ്രവേശിക്കുന്നതിന് വിലക്കില്ല. എന്നാൽ സ്ത്രീകൾ തനിച്ച് മസ്ജിദിന്റെ അകത്തേക്ക് കടക്കുമ്പോൾ അവിടെ മോശമായ പല പ്രവർത്തികളും നടക്കുന്നുണ്ട്. ഇത് തടയുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് ഭാരവാഹികളുടെ അവകാശവാദം.