മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും സാന്നിധ്യം അറിയിച്ച നടനാണ് പൃഥ്വിരാജ്. കരിയറിൽ വളരെ വലിയ തിരിച്ചടികൾ നേരിട്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്തു ഉയരങ്ങൾ കീഴടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരുകാലത്ത് സമൂഹ മാധ്യമത്തിലൂടെ ഏറ്റവുമധികം ആക്രമിക്കപ്പെട്ട നടൻ കൂടിയാണ് അദ്ദേഹം. എന്തിനേറെ പറയുന്നു സിനിമാ സംഘടനകളുടെ വിലക്ക് പോലും പൃഥ്വിരാജ് നേരിട്ടിട്ടുണ്ട്. എന്നിട്ട് കൂടി കരിയറിൽ അമ്പരപ്പിക്കുന്ന വളർച്ചയാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്. തുടരെത്തുടരെ നിരവധി ഹിറ്റുകൾ സമ്മാനിച്ച അദ്ദേഹം സംവിധാന രംഗത്തും മികവ് പുലർത്തി. ചലച്ചിത്ര മേഖലയ്ക്ക് നിരവധി പുതുമുഖങ്ങളെ പൃഥ്വിരാജ് പരിചയപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിൻറെ പുതുമുഖങ്ങളെ കണ്ടെത്താനുള്ള കഴിവിനെക്കുറിച്ച് പ്രമുഖ സംവിധായകൻ രഞ്ജിത്ത് ശങ്കർ തൻറെ പുതിയ ചിത്രമായ ഫോര്‍ ഇയേഴ്സിന്റെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തില്‍ പങ്കെടുത്തപ്പോള്‍ സംസാരിക്കുകയുണ്ടായി.
സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോഴും ഒരു ആവശ്യം വരികയാണെങ്കിൽ താൻ ആദ്യം വിളിക്കുന്നത് പൃഥ്വി രാജിനെ ആണെന്ന് രഞ്ജിത് ശങ്കര്‍ പറയുന്നു. സംഗീത സംവിധായകൻ ശങ്കറിനെ തനിക്ക് പരിചയപ്പെടുത്തി തരുന്നത് പൃഥ്വിരാജ് ആണ്. വളരെ പെട്ടെന്ന് ഒരാളുടെ കഴിവ് കണ്ടു പിടിക്കാൻ പറ്റുന്ന ആളാണ് പൃഥ്വിരാജ്. അത് എടുത്തു പറയേണ്ട ഒരു കഴിവ് തന്നെയാണ്. ഒരാൾ സ്വയം തെളിയിച്ച ആളാണെങ്കിൽ അവരെ കണ്ടെത്തുക എന്നത് വളരെ എളുപ്പമാണ്. എന്നാൽ ഇത് ഒരാളല്ല ഒരുപാട് പേരുണ്ട്. നിരവധി പേർ അത്തരത്തില്‍ ഉണ്ട്. എന്നാൽ അവരാരും പ്രശസ്തർ അല്ലാത്ത സമയത്ത് അവരെ കുറിച്ച് തന്നോട് പറഞ്ഞ വ്യക്തിയാണ് പൃഥ്വിരാജ് എന്ന് രഞ്ജിത് ശങ്കർ പറയുന്നു.