ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ നല്ല സമയത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്യാൻ എത്തിയ നടി ഷക്കീലയെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ അധികൃതർ തടഞ്ഞു. മുൻ നിശ്ചയിച്ചത് പ്രകാരമാണ് ഹൈലൈറ്റ് മാളില്‍ ഷക്കീല ട്രെയിലർ ലോഞ്ചിന് എത്തിയത്. എന്നാൽ ഷക്കിലയാണ് എന്ന് അറിഞ്ഞതോടെ അധികൃതർ നടിയെ മാളില്‍ പ്രവേശിപ്പിക്കുന്നതിന് വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ മാളിനെതിരെ വലിയ തോതിലുള്ള വിമർശനമാണ് ഉയര്‍ന്നു വരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചു രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ഒമർ ലുലുവും നടി ഷക്കീലയും.
ഷക്കീലയാണ് ഗസ്റ്റ് എന്നറിഞ്ഞതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് ഒമർ ലുലു പറയുന്നു. പിന്നീട് പല കാരണങ്ങൾ ചൂണ്ടിക്കാട്ടി സുരക്ഷ അധികൃതർ ചടങ്ങ് നടത്താൻ പറ്റില്ല എന്ന് അറിയിച്ചു. എന്നാൽ ഷക്കീല തങ്ങൾ ക്ഷണിച്ചത് പ്രകാരം എത്തിയിരുന്നു. എല്ലാവർക്കും അത് വല്ലാത്ത സങ്കടമായി. താൻ പരസ്യമായി ഷക്കീലയോട് ക്ഷമ ചോദിക്കുന്നതായും ഒമര്‍ ലുലു പറഞ്ഞു. ഷക്കീലയെ ഒഴിവാക്കിയതുകൊണ്ട് ചിത്രത്തിൻറെ ടൈലർ ലോഞ്ച് അവിടെ
വച്ച് നടത്തേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു എന്ന് ഒമർ ലുലു പറഞ്ഞു.
അതേസമയം ഇത് തനിക്ക് പുതിയ അനുഭവം അല്ലന്നും വളരെ നാളുകളായി തന്നെ എല്ലാവരും അവഗണിക്കുകയാണ് ചെയ്യുന്നതെന്നും ഷക്കീല കൂട്ടിച്ചേർത്തു. സംഭവം പുറത്തായതോടെ കോഴിക്കോട് നിന്നും നിരവധി പേരാണ് തനിക്ക് മെസ്സേജ് അയച്ചത്. ഈ സംഭവത്തിൽ ഹൃദയം തകർന്നു പോയി. എല്ലാവരും ചേർന്നാണ് തന്നെ ഈ നിലയിൽ എത്തിച്ചത് അവർ തന്നെയാണ് തനിക്ക് ഒരു അംഗീകാരവും നൽകാതെ ഒഴിവാക്കുന്നതെന്നും ഷക്കീല പ്രതികരിച്ചു.