ഇന്ത്യയില്‍ നിരവധി ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഈ ഷോയ്ക്ക് ലഭിക്കുന്ന ജനപങ്കാളിത്തം മറ്റൊരു ടെലിവിഷൻ ഷോയ്ക്കും ഇതുവരെ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും നിരവധി ആരാധകരെ നേടി മുന്നേറിയ ഈ ഷോ മലയാളത്തിലും വലിയ വിജയമായി മാറി. ഏറ്റവും അധികം ജനപ്രീതി നേടിയ പ്രോഗ്രാം ആയി ഇത് മാറി.
ബിഗ് ബോസ് മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറി. ഇതുവരെയുള്ള സീസണുകളെ അപേക്ഷിച്ച് നാടകീയത ഏറെയുണ്ടായിരുന്ന ഷോ ആയിരുന്നു ബിഗ് ബോസ് സീസൺ ഫോർ. മറ്റ് സീസണുകളെ അപേക്ഷിച്ച് നിരവധി പുതുമകള്‍ ഉണ്ടായിരുന്ന ഈ ഷോ കേരളത്തിലെ കുടുംബങ്ങളിൽ ഒരു വലിയ സംഭവമായി മാറി. നിരവധി ചർച്ചകൾ ഈ പരിപാടിയെ മുൻനിർത്തി ഉയർന്നുവന്നു.
നാലാമത്തെ സീസൺ അവസാനിച്ചതോടെ എന്നാണ് അഞ്ചാമത്തെ സീസൺ ആരംഭിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ആ കാത്തിരിപ്പ് ഇനി അധികം നീളില്ല. ബിഗ് ബോസ് സീസൺ 5 ഉടൻ പ്രേക്ഷകരിലേക്ക് എത്തും എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. 2023ന്റെ ആദ്യ നാളുകളിൽ തന്നെ ബിഗ് ബോസ് മലയാളം സംപ്രേഷണം ചെയ്തു തുടങ്ങും. നിലവിൽ ഷോയിലേക്ക് വേണ്ട മത്സരാർത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ടീം.
കഴിഞ്ഞ സീസണിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട താരമായിരുന്നു റോബിൻ രാധാകൃഷ്ണൻ. ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ ആണ് റോബിൻ ഷോയിലേക്ക് എത്തിയത്. പിന്നീട് വലിയ താര പദവി റോബിൻ സ്വന്തമാക്കി. അതുകൊണ്ടുതന്നെ ഇത്തവണയും സോഷ്യൽ മീഡിയയിൽ സജീവമായി നിലനിൽക്കുന്നവരെയാണ് ഷോയിൽ ഉൾപ്പെടുത്താൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.
യുവാക്കളുടെ ഇടയിൽ സ്വാധീനമുള്ള ചിലരെ അണിയറ പ്രവർത്തകർ സമീപിച്ചിട്ടുണ്ട്. ഇത് കൂടാതെ മുൻകാല സീസണുകളിലേതുപോലെ സിനിമ, സീരിയൽ എന്നിവിടങ്ങളിൽ നിന്നുമുള്ള താരങ്ങളും ഉണ്ടാകും. എന്നാൽ ആരൊക്കെയാണ് ഷോയിലെ മത്സരാർത്ഥികൾ എന്ന കാര്യത്തിൽ ഇതുവരെ ഒരു വ്യക്തതയും അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.