രണ്ട് കിട്ണിയും തകരാറിലായി മരണത്തെ മുഖാമുഖം കണ്ട വ്യക്തിയാണ് നടൻ സ്പടികം ജോർജ്. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പ്രമുഖ തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്.
വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കടങ്കഥ, ചെങ്കോൽ എന്നീ ചിത്രങ്ങൾ അഭിനയിച്ചതിനു ശേഷം തന്റെ മറുപുറം എന്ന ചിത്രത്തിലും അദ്ദേഹം വേഷമിട്ടിരുന്നു. എന്നാൽ പിന്നീട് നല്ല കഥാപാത്രങ്ങൾ അദ്ദേഹത്തിന് ലഭിച്ചില്ല. അതോടെ അദ്ദേഹം പ്രാർത്ഥനയിലേക്ക് തിരിയുക ആയിരുന്നു. തുടർന്നാണ് സ്ഫടികം എന്ന ചിത്രത്തിൽ അഭിനയിക്കാൻ സംവിധായകൻ ഭദ്രൻ ജോർജിനെ വിളിക്കുന്നത്. പിന്നീട് മലയാള സിനിമയിൽ അദ്ദേഹത്തിന്റെ കാലമായിരുന്നുവെന്ന് ഡെന്നീസ് പറയുന്നു.
അദ്ദേഹം പ്രതിനായക കഥാപാത്രങ്ങളെ അഭിനയ മികവുകൊണ്ട് അനശ്വരമാക്കി. തിരക്കിൽ നിന്ന് തിരക്കിലേക്കുള്ള യാത്രയ്ക്കിടയാണ് അദ്ദേഹത്തിന് കിട്ണി സംബന്ധമായ അസുഖം വരുന്നത്. പക്ഷേ ഇത്തരമൊരു മുന്നറിയിപ്പ് ദൈവം അദ്ദേഹത്തിന് സ്വപ്നത്തിൽ കാണിച്ചു കൊടുത്തതുകൊണ്ട് യാതൊരു വിധത്തിലുള്ള ടെൻഷനോ മാനസിക ആഘാതമോ ഉണ്ടായില്ലെന്ന് കലൂർ ഡെന്നിസ് പറയുന്നു. ദൈവം തീരുമാനിക്കുന്നത് പോലെയെ കാര്യങ്ങൾ നടക്കൂ എന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. രണ്ട് കിട്ണിയും പ്രവർത്തനരഹിതമായി മരണപ്പെടുമെന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്ന ഒരാളാണ് ദൈവത്തിന്റെ ശക്തിയിൽ വീണ്ടും ജീവിതത്തിലേക്ക് തിരികെ വന്നത്. ജോർജിന്റെ ഇടവക പള്ളിയിലെ വിശ്വാസ സമൂഹം മുഴുവൻ അദ്ദേഹത്തിന്റെ രോഗശമനത്തിനുവേണ്ടി പ്രാർത്ഥിച്ചു. ആ ഇടവകയിലെ 26 പേരാണ് യാതൊരു പ്രതിഫലവും ആവശ്യപ്പെടാതെ അദ്ദേഹത്തിന് കിട്ണി നൽകാൻ തയ്യാറായി വന്നത്. 23 വയസ്സ് മാത്രം പ്രായമുള്ള ഒരു യുവാവിന്റെ കിട്ണി യാണ് ഡോക്ടർമാർ അദ്ദേഹത്തിന്റെ ശരീരത്തിൽ തുന്നി പിടിപ്പിച്ചത്. ചില മനുഷ്യർ ചില നേരങ്ങളിൽ ദൈവമായി മാറുന്നത് ഇങ്ങനെയാണെന്ന് കലൂർ ഡെന്നിസ് പറയുന്നു.