നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു നടക്കുന്ന ചാനല്‍ ചർച്ചകളിൽ നിരന്തരമായി ദിലീപിന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് സംസാരിക്കുന്ന വ്യക്തിയാണ് നിർമ്മാതാവ് സജി നന്ധ്യാട്ട്. ഇത് പലപ്പോഴും അദ്ദേഹത്തിന് നേരെ വലിയ തോതിലുള്ള വിമർശനങ്ങൾ ഉയർന്നു വരാൻ ഇടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ താൻ എന്തുകൊണ്ടാണ് ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നത് എന്ന് തുറന്നു പറയുകയാണ് അദ്ദേഹം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടി നൽകിയിരിക്കുന്നത്.
കേരളത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒന്നാണ് നടി ആക്രമിക്കപ്പെട്ട കേസ്. ഇതിന്റെ ഭാഗമായി തുടക്കം മുതൽ തന്നെ ചാനൽ സംഘടിപ്പിച്ച ചർച്ചകളിൽ സജീവമായിരുന്ന വ്യക്തിയാണ് താൻ. പിന്നീട് ഒന്നര മാസത്തിന് ശേഷമാണ് ഈ കേസിൽ ദിലീപ് പ്രതിയായി വരുന്നത്. അതുകൊണ്ടുതന്നെ താൻ എന്തുകൊണ്ടാണ് ദിലീപിനു വേണ്ടി സംസാരിക്കാൻ പോയത് എന്ന ചോദ്യങ്ങൾ വളരെ സ്വാഭാവികമായി ഉയർന്നുവന്നു.
ഈ കേസിൽ ദിലീപിനെ പെടുത്തിയതാണെന്ന് അറിയാമായിരുന്നു. ഈ വിഷയത്തിൽ ചർച്ചയ്ക്ക് എത്താൻ പലരോടും ആവശ്യപ്പെട്ടെങ്കിലും എല്ലാവരും അതിൽനിന്നും പിന്മാറുകയായിരുന്നു. ഇതോടെയാണ് തന്നോട് ചർച്ചയിൽ പങ്കെടുക്കാൻ കഴിയുമോ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചത്. ആ മാധ്യമ പ്രവർത്തകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.പലരും ഇത് വേണോ എന്ന് ചോദിച്ചെങ്കിലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന തോന്നലാണ് ദിലീപിനു വേണ്ടി വാദിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് സജി നന്ധ്യാട്ട് പറയുന്നു.
ദിലീപിന് വേണ്ടി സംസാരിക്കുന്നതിൽ നിന്ന് പിന്മാറാൻ പലതരത്തിലുള്ള സമ്മർദ്ദങ്ങൾ ഉണ്ടായിട്ടുണ്ട്. ദിലീപിന്റെ കയ്യിൽ നിന്നും പണം വാങ്ങിയാണ് ചർച്ചയ്ക്ക് വരുന്നത് എന്ന തരത്തിൽ പലരും സ്വഭാവഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഈ വിഷയത്തിലുള്ള തന്റെ അറിവ് അനുസരിച്ച് ദിലീപ് നിരപരാധിയാണ് എന്ന ഉത്തമ വിശ്വാസമുണ്ട്. അതാണ് തന്നെ ഇവിടെ വരെ എത്തിച്ചത്. അത് ശരിയാണെന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇപ്പോൾ നമ്മുടെ മുന്നിൽ കാണുന്നത്.
ദിലീപുമായി ഒരു ബന്ധവുമില്ല. പക്ഷേ സിനിമയിൽ നിൽക്കുന്ന ആൾ എന്ന നിലയിൽ ദിലീപിന്റെ സ്വഭാവത്തെക്കുറിച്ച് അറിയാം. അതുകൊണ്ടുതന്നെ ഒരു വ്യക്തി എന്ന നിലയിൽ ദിലീപിനെ പിന്തുണയ്ക്കുക എന്നത് തന്റെ ധാർമികതയാണ്. ദിലീപ് നിരപരാധി ആണെങ്കിൽ വെറുതെ വിടണം പക്ഷേ ഇതുവരെ ദിലീപ് അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകള്‍ക്ക് ആരാണ് ഉത്തരം പറയുകയെന്ന് സജി നന്ധ്യാട്ട് ചോദിക്കുന്നു.