തെന്നിന്ത്യൻ ചലച്ചിത്ര പ്രേമികളുടെ പ്രിയപ്പെട്ട അഭിനയേത്രിയാണ് തൃഷ. വളരെ വർഷങ്ങളായി തമിഴ് സിനിമ ലോകത്ത് സജീവമായി നിറഞ്ഞു നിൽക്കുന്ന അവരുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം മണി രത്നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവനാണ്. ഈ ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് തൃഷ കൈകാര്യം ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് തൃഷയുടെ പ്രകടനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന പൊന്നിയൻ സെൽവന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ഇപ്പോഴും താന്‍ അവിവാഹിതയായി തുടരുന്നതിന്റെ കാരണം എന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തൃഷ മറുപടി നല്കി. വിവാഹത്തെക്കുറിച്ചുള്ള നടിയുടെ അഭിപ്രായങ്ങൾ ഏറെ ശ്രദ്ധേയമാവുകയും ചെയ്തു.
തനിക്ക് പേരിനു വേണ്ടിയുള്ള വിവാഹത്തില്‍ യാതൊരു താൽപര്യവും ഇല്ലെന്ന് തൃഷ പറയുന്നു. മാത്രവുമല്ല വെറുതെ ഒരു വിവാഹം കഴിച്ചതിനു ശേഷം പിന്നീട് വിവാഹ മോചനം നേടാൻ തനിക്ക് താല്പര്യം ഇല്ലെന്നും വിവാഹമോചനത്തിൽ താൻ വിശ്വസിക്കുന്നില്ല എന്നും തൃഷ പറഞ്ഞു. തന്റെ സുഹൃത്തുക്കളുടെ അനുഭവം ചൂണ്ടിക്കാട്ടിയാണ് തൃഷ ഇത്തരം ഒരു അഭിപ്രായം പങ്കുവെച്ചത്. തനിക്ക് വിവാഹിതരും അവിവാഹിതരുമായ നിരവധി സുഹൃത്തുക്കള്‍ ഉണ്ട്.
തന്റെ സുഹൃത്തുക്കളായ പലരും വളരെ സന്തോഷകരമായ കുടുംബജീവിതമാണ് നയിക്കുന്നത്, എന്നാൽ ചിലർ വിവാഹ മോചനം നേടണമെന്ന ആഗ്രഹം വച്ച് പുലർത്തുന്നവരും ആണ്. ഒരിക്കലും സന്തോഷം നൽകാത്ത ദാമ്പത്യ ജീവിതം ആഗ്രഹിക്കുന്ന വ്യക്തിയല്ല താൻ. അനുയോജ്യൻ ആണെന്ന് തോന്നുന്ന ഒരു വ്യക്തിയെ കണ്ടെത്തിയാൽ ഉറപ്പായും വിവാഹ ജീവിതത്തിലേക്ക് കടക്കാൻ മടിയില്ലെന്നും തൃഷ കൂട്ടിച്ചേർത്തു.