ചുരുക്കം ചില ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില് ഇടം പിടിച്ച നടിയാണ് നമിത പ്രമോദ്. തുടർച്ചയായി ചിത്രങ്ങളിൽ അഭിനയിക്കുന്ന കലാകാരി അല്ല നമിത. പലപ്പോഴും സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ അവര് സെലക്ടീവാണ്. അതുകൊണ്ടുതന്നെ ഒരു ചിത്രം കഴിഞ്ഞ് ഒരു ഇടവേള എടുത്തതിനുശേഷം ആണ് നമിത അടുത്ത ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോൾ രണ്ടു വർഷത്തെ ഇടവേളക്കു ശേഷം ആണ് നാദിർഷ സംവിധാനം ചെയ്ത ഈശോ എന്ന ചിത്രത്തിലൂടെ നമിത ചലച്ചിത്ര ലോകത്തേക്ക് മടങ്ങി വന്നത്. പ്രായത്തിൽ കവിഞ്ഞ പക്വതയോടെ വിഷയങ്ങളെ സമീപിക്കുന്ന അവര് സമൂഹമാധ്യമത്തിൽ തന്റെ പോസ്റ്റുകൾക്കും ചിത്രങ്ങൾക്കും താഴെ വരുന്ന അനാവശ്യ കമന്റുകളെ കുറിച്ചും സിനിമയിലേക്ക് കടന്നു വന്നപ്പോൾ നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ചും സംസാരിക്കുകയുണ്ടായി.
സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ ചില ബന്ധുക്കൾ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് നമിത പറയുന്നു. വീട്ടുകാർക്ക് തന്റെ വളർച്ച കാണുന്നത് ഇഷ്ടമാണ്. എന്നാൽ സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാളുടെ അച്ഛൻ അവളോട് പറഞ്ഞത് അധികം കമ്പനി വേണ്ട, സിനിമയിൽ അഭിനയിക്കുന്ന കുട്ടിയാണ് എന്നയാണ്. പക്ഷേ താനുമായി വളരെ അടുപ്പമുള്ള സുഹൃത്തായതുകൊണ്ടുതന്നെ അതൊന്നും ശ്രദ്ധിച്ചില്ലന്ന് നമിത പറയുന്നു.
തനിക്ക് സമൂഹ മാധ്യമത്തിൽ നിരവധി ഹേറ്റേഴ്സ് ഉണ്ടെന്നും അവരെ എല്ലാവരെയും ഒരേപോലെ കാണാൻ കഴിയില്ലന്നും നമിത അഭിപ്രായപ്പെട്ടു. ചിലർ നമ്മൾ എന്ത് ചെയ്താലും മോശം കമന്റ് ചെയ്യാറുണ്ട്. മാറ്റണമെന്ന് തോന്നുന്ന വിമർശനങ്ങൾ സ്വീകരിക്കാറുണ്ട്. എന്നാൽ ചിലർ വന്ന് ഇവൾ ജീവിച്ചിരിപ്പുണ്ടോ ഇവൾക്ക് എന്താണ് പണി എന്നൊക്കെ കമന്റ് ചെയ്യാറുണ്ട്. ചിലർ പറയുന്നത് ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും എവിടെ നിന്നാണ് ഇത്രയും പണം കിട്ടുന്നത് എന്നാണ്. തന്റെ ജീവിതത്തിൽ സിനിമ മാത്രമല്ല ഉള്ളത്, വേറെയും വരുമാനസ്രോതസ് ഉണ്ടെന്നും നമിത കൂട്ടിച്ചേർത്തു.