ലഹരി തലയ്ക്ക് പിടിച്ച് പല അബദ്ധങ്ങളും കാണിക്കുന്നവരെ കുറിച്ച് നമുക്കറിയാം. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ചിന്തയാണ് പത്തനാപുരം മാങ്കോട് ഷമീന മൻസിൽ ഷമീറിന് ഉണ്ടായത്. കഞ്ചാവ് തലയ്ക്ക് പിടിച്ചപ്പോള്, ഇയാൾക്ക് സ്വയം ദൈവമാണ് എന്ന് തോന്നൽ ഉണ്ടായി. തൊട്ടടുത്തുള്ള കലഞ്ഞൂർ ശ്രീ മഹാദേവക്ഷേത്രത്തിൽ കയറി ആശാൻ ഇരുറപ്പിച്ചു. പിടിച്ചുമാറ്റാൻ ചെന്നവർക്ക് നേരെ ‘ഷമീർ ദൈവത്തിന്റെ’ വക
പൂരത്തെറിയും. ഒടുവിൽ നാട്ടുകാർ ഒത്തുകൂടി കൈകാര്യം ചെയ്ത് പോലീസിനെ ഏൽപ്പിച്ചതിനുശേഷമാണ് കക്ഷിക്ക് ബോധോദയം ഉണ്ടായത്.
ശനിയാഴ്ച രാത്രി 11:45ന് കലഞ്ഞൂർ മഹാദേവക്ഷേത്രത്തിന്റെ വളപ്പിലാണ് സംഭവം നടന്നത്. ക്ഷേത്ര വളപ്പിനുള്ളിൽ കടന്ന ഇയാൾ അമ്പലത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന ഗാർഡ് തടഞ്ഞു. പക്ഷേ സ്വയം ദൈവമാണെന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ഇയാൾ ഗാർഡിനെ തള്ളി മാറ്റി അമ്പലത്തിനുള്ളിലെ ശാസ്താ നടയുടെ ഉള്ളിൽ കയറി ഇരുപ്പുറപ്പിച്ചു. പിന്നീട് ആരൊക്കെ വിളിച്ചിട്ടും എത്രയൊക്കെ പറഞ്ഞിട്ടും ഇയാൾ കണ്ണ് തുറന്നില്ല. ഒടുവിൽ നാട്ടുകാർ ഒത്തുകൂടി. അപ്പോഴേക്കും അമ്പലത്തിലെ ശാന്തി സംഭവം പോലീസിനെ അറിയിച്ചിരുന്നു. പിന്നീട് വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ഷമീറിനെ തൂക്കിയെടുത്ത് വെളിയിൽ ഇട്ടു. അപ്പോഴേക്കും പോലീസ് എത്തിയിരുന്നു. തുടർന്ന് കൂടൽ പോലീസ് ഇയാളെ സംഭവസ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തു നീക്കി.
കഞ്ചാവിന് അടിമയായ ഇയാൾ നേരത്തെയും കഞ്ചാവ് കൈവശം വച്ചതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി തലയ്ക്കു പിടിച്ചപ്പോൾ ചെയ്തതാണെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.