നടി ആക്രമിക്കപ്പെട്ട കേസിൽ ബാലചന്ദ്രകുമാർ കോടതിയിൽ സമർപ്പിച്ച തെളിവ് കൃത്രിമമായി സൃഷ്ടിച്ചതല്ല. ഒരിക്കലും മിമിക്രി ചെയ്ത ഓഡിയോ കോടതിയിൽ കൊടുക്കില്ല. അത് വലിയ റിസ്ക് ഉള്ള കാര്യമാണെന്നും ഭാഗ്യലക്ഷ്മി പറയുകയുണ്ടായി. ബാലചന്ദ്രകുമാർ അത്തരം ഒരു മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ല. ഓഡിയോ കേൾക്കുന്നവർക്ക് അത് ദിലീപിന്റെ ശബ്ദമാണെന്ന് വ്യക്തമായി മനസ്സിലാകും. അത് ശാസ്ത്രീയമായി ഇപ്പോൾ തെളിയുകയും ചെയ്തു.
വളരെ ഭയന്നാണ് ആ ശബ്ദം റെക്കോർഡ് ചെയ്തതെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിട്ടുണ്ട്. ചാനലിൽ നൽകിയത് കേവലം 20% മാത്രമാണ്, കോടതിയിൽ അറിയാവുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട്. ഈ കേസിന്റെ നാള്വഴികള് ഓർക്കുമ്പോൾ നീതി കിട്ടുമോ എന്ന കാര്യത്തിൽ വല്ലാത്ത ഭയം ഉണ്ടെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.
ദിലീപിന്റെ വീട്ടിൽ നടി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ ടാബ് കണ്ടപ്പോഴാണ് വളരെ അപകടകരമായ കാര്യമാണ് നടക്കുന്നത് എന്ന് തോന്നിയത്. അങ്ങനെയാണ് അദ്ദേഹം അത് റെക്കോർഡ് ചെയ്തത്.
ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത ഡിവൈസ് കൊടുക്കുന്നില്ല എന്ന് ദിലീപിനെ അനുകൂലിക്കുന്നവർ വാദിക്കുന്നുണ്ട്. എന്നാൽ ദിലീപിനോട് അതേ ഡിവൈസിന് വേണ്ടി കേണപേക്ഷിച്ചിട്ട് പോലും ദിലീപ് നൽകിയില്ല. ദിലീപ് ചെയ്യുമ്പോൾ അതിൽ ആർക്കും പരാതി ഇല്ലേ എന്ന് ഭാഗ്യാലക്ഷ്മി ചോദിക്കുന്നു.
ദിലീപിനെ എങ്ങനെയെങ്കിലും പിടിച്ച് അകത്താക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ ഇത് ആർക്ക് വേണ്ടിയാണ് ചെയ്തത് എന്ന് ദിലീപ് പുറകിലേക്ക് വിരൽ ചൂണ്ടി പറയുന്നുണ്ട്. ആ വീട്ടിൽ ഈ കുറ്റം ചെയ്ത വ്യക്തിയുണ്ടെങ്കിൽ ആ വ്യക്തിയെ പുറത്തു കൊണ്ടുവരേണ്ട ബാധ്യത ദിലീപിനില്ലേ എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. കുറ്റം ആര് ചെയ്താലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണം. ഇത് ദിലീപ് അല്ല ചെയ്തത് എന്ന് കേൾക്കാൻ തന്നെയാണ് തങ്ങൾക്കും ഇഷ്ടമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.