നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ഉള്ള കുരുക്ക് കൂടുതൽ മുറുകുന്ന കാഴ്ചയാണ് ഓരോ ദിവസവും കഴിയുമ്പോഴും കണ്ടു വരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ നേരത്തെ പുറത്തു വിട്ട ശബ്ദരേഖയിൽ ഉള്ളത് ദിലീപിന്റെ സംഭാഷണം തന്നെയാണെന്ന് ഫോറൻസിക് പരിശോധന ഫലം വന്നിരിക്കുകയാണ് ഇപ്പോള്‍. ഇത് ദിലീപിനെ സംബന്ധിച്ചു ഏറെ നിര്‍ണായകം ആണ്. ദിലീപ് ആരോപിക്കുന്നത്പോലെ ബാലചന്ദ്രകുമാര്‍ പുറത്തു വിട്ട ശബ്ദരേഖയില്‍ എന്തെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നിട്ടില്ലെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. ഈ ശബ്ദരേഖയിൽ ദിലീപിന്റെ ഒപ്പം ഉള്ള മറ്റുള്ളവരുടെ സംഭാഷണങ്ങളും ഇടിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ ഫലം ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.
ഇപ്പോൾ ലഭിച്ചിരിക്കുന്ന ഫോറൻസിക് റിപ്പോർട്ടിൽ നിന്ന് ബാലചന്ദ്രകുമാർ തെളിവായി സമർപ്പിച്ചിരിക്കുന്ന ശബ്ദരേഖയിൽ എട്ടാം പ്രതിയായ ദിലീപിന്റെയും ദിലീപിന്റെ സഹോദരൻ അനൂപിന്റെയും ഒപ്പം ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ്, അപ്പു, ശരത് തുടങ്ങിയവരുടെയും ശബ്ദമാണെന്ന് കണ്ടെത്തിയിരുന്നു. ദിലീപിനെ പ്രതികൂലമായി ബാധിക്കാവുന്ന അതീവ നിര്‍ണായകമായ തെളിവുകളാണ് ഈ വോയിസ് റിക്കോര്‍ഡിങ്. 40ല്‍ അധികം ശബ്ദ സന്ദേശങ്ങളാണ് ബാലചന്ദ്രകുമാർ നിലവിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിരിക്കുന്നത്. എന്നാൽ ബാലചന്ദ്രകുമാർ സമർപ്പിച്ചിരിക്കുന്ന എല്ലാ രേഖകളും വ്യാജമാണെന്നും കൃത്രിമമായി നിർമ്മിച്ചതാണെന്നുമാണ് ദിലീപിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചത്. പക്ഷേ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഫോറൻസിക് റിപ്പോർട്ട് അതിന് ഘടകവിരുദ്ധമാണ്. ഇത് ദിലീപിനെതിരെയുള്ള ശക്തമായ തെളിവായി മാറും എന്നാണ് പ്രോസിക്യൂഷൻ കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രോസിക്യൂഷന് കരുതുന്നത്.