1997 ൽ തീയറ്ററിൽ എത്തി വൻ വിജയമായി മാറിയ ചിത്രമായിരുന്നു അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബനും ശാലിനിയും ആണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം വലിയതോതിൽ ശ്രദ്ധിക്കപ്പെട്ടു. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ ഒരു സംഭവം ഇന്നസെന്റ് ഒരു അഭിമുഖത്തില് പങ്കെടുക്കവെ വിവരിക്കുകയുണ്ടായി. അരയൻ ചെല്ലപ്പൻ എന്ന വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് ഇന്നസെന്റ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
സിനിമയിലെ ഏറ്റവും നിർണായ കരംഗത്ത് പ്രത്യക്ഷപ്പെടുന്ന കഥാപാത്രമാണ് അരയന് ചെല്ലപ്പന്. നായകനും നായികയും വീട്ടുകാരിൽ നിന്ന് ഒളിച്ച് വന്ന് താമസിക്കുന്നത് അരയൻ ചെല്ലപ്പന്റെ സഹായത്തിലാണ്. പിന്നീട് നായികയുടെ സഹോദരന്മാർ അവിടെയെത്തി പ്രശ്നമുണ്ടാക്കുന്ന ഒരു രംഗമുണ്ട്. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ കൊച്ചിൻ ഹനീഫ സീനിൽ അകപ്പെട്ടു പോയതിനെ കുറിച്ച് ഇന്നസെന്റ് പറയുന്നു.
തങ്ങൾ സഹോദരന്മാരാണെന്നും തങ്ങളുടെ പെങ്ങളെ ഇറക്കി വിടണമെന്നും ജനാർദ്ദനനും കൊച്ചിൻ ഹനീഫയും പറയുന്നതാണ് രംഗം. എന്നാൽ കൊച്ചിൻ ഹനീഫ പറഞ്ഞപ്പോൾ കുറച്ചു കൂടുതൽ വൈകാരികമായി പറഞ്ഞു. ഇതോടെ മറ്റുള്ളവരും അതേ രീതിയിൽ ഡയലോഗ് പറഞ്ഞു. തുടർന്ന് സംവിധായകൻ കട്ട് പറഞ്ഞു. ഒരു പ്രാവശ്യം കൂടി എടുക്കാമെന്ന് പറഞ്ഞു. അപ്പോൾ തന്നെ ആറ് ടേക്ക് ആയ കാര്യം താൻ ഫാസിലിനോട് പറഞ്ഞുവെന്ന് ഇന്നസെന്റ് പറയുന്നു.
എന്നാൽ സീനിൽ ദുഃഖം കുറച്ചു കൂടുതലാണ് ഇത്രത്തോളം സങ്കടം വേണ്ട എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ കുറച്ചു കൂടി കുറയ്ക്കാൻ പറഞ്ഞു എല്ലാവരും വീണ്ടും ആ രംഗം ഷൂട്ട് ചെയ്തു. എന്നാൽ കൊച്ചിൻ ഹനീഫ വീണ്ടും അങ്ങനെ തന്നെ അഭിനയിച്ചു. ഒടുവിൽ സമയം ഉച്ചയാകാറായി. കൊച്ചിൻ ഹനീഫ ആരോടും മിണ്ടിയില്ല. പെങ്ങൾ നഷ്ടപ്പെട്ട വിഷമത്തിൽ തന്നെയായിരുന്നു അയാള് അപ്പോഴും ഇരുന്നത്. ഇത്രത്തോളം കരച്ചിലിന്റെ ആവശ്യമില്ലെന്നും ഇപ്പോൾ ചെയ്തതിന്റെ കാൽഭാഗം മാത്രം മതിയെന്നും പറഞ്ഞു. ഉടനെ കൊച്ചിൻ ഹനീഫ പൊട്ടിത്തെറിച്ചു. ഒരു സഹോദരി പോയതിന്റെ ദുഃഖം നിങ്ങൾക്കറിയില്ല, പോയത് തന്റെ സഹോദരിയാണ് അതിന്റെ സങ്കടം ഉണ്ടാകും. അതുകൊണ്ട് കുറയ്ക്കാൻ പറ്റില്ലെന്ന് കൊച്ചിൻ ഹനീഫ തീർത്തു പറഞ്ഞു. ഇത് കേട്ട് എല്ലാവരും പകച്ചു പോയി. കാരണം കൊച്ചിൻ ഹനീഫ ആ സീനിൽ അകപ്പെട്ടു പോയിരുന്നു. പിന്നീട് എല്ലാവരും പറഞ്ഞു മനസ്സിലാക്കിയാണ് ആ ഷോട്ട് പൂർത്തിയാക്കിയതെന്ന് ഇന്നസെന്റ് പറയുന്നു.