ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തു വന്നിരുന്ന ബഡായി ബംഗ്ലാവ് എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ മനസ്സിലേക്ക് കയറി പറ്റിയ കലാകാരിയാണ് ആര്യ. നിരവധി ആരാധകരെയാണ് ആര്യ ഈ പ്രോഗ്രാമിലൂടെ സ്വന്തമാക്കിയത്. എന്നാൽ ബിഗ് ബോസ് സീസൺ 2ൽ മത്സരാർത്ഥിയായി എത്തിയതോടെ ആര്യ വലിയൊരു വിഭാഗം പ്രേക്ഷകരുടെ കണ്ണിലെ കരടായി മാറി. ആരാധകരെക്കാൾ കൂടുതൽ ഹേറ്റേര്സ് ഉള്ള ടെലിവിഷൻ താരമായി ആര്യ മാറി. എന്തുകൊണ്ടോ ഈ ഷോയിൽ വന്നതുകൊണ്ട് നേട്ടത്തെക്കാൾ കൂടുതൽ വെറുപ്പാണ് ആര്യ സമ്പാദിച്ചത്.

ആര്യയുടെ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ പോലും ഷോയിൽ ചർച്ചയായി മാറി. വളരെ നേരത്തെ വിവാഹിതയായ ആര്യ തന്റെ വിവാഹത്തെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നു സംസാരിച്ചിരുന്നു.

തന്നെ ഒരു എൻജിനീയർ ആക്കണമെന്നായിരുന്നു അച്ഛൻ ആഗ്രഹിച്ചിരുന്നത്. പക്ഷേ എൻട്രൻസ് പരീക്ഷയിലെ മാർക്ക് കണ്ടതോടെ ആ മോഹം എന്നന്നേക്കുമായി ഉപേക്ഷിച്ചു. എങ്ങനെയാണ് കോളേജ് അഡ്മിഷൻ കിട്ടുക എന്ന ഭയം പോലും അച്ഛനുണ്ടായി. താൻ കോളേജിൽ പോകുന്നില്ലെന്നു അച്ഛനോട് പറഞ്ഞു. ആ സമയത്തു തന്നെ ആങ്കറിംഗും മോഡലിംഗും ചെയ്തു തുടങ്ങിയിരുന്നു.

അപ്പോൾ പ്രൈവറ്റ് ആയി പഠിക്കുമോയെന്ന് അച്ഛൻ ചോദിച്ചു. അങ്ങനെയാണ് പ്രൈവറ്റ് ആയി ഡിഗ്രീ ചെയ്യുന്നത്. പക്ഷേ അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 18 വയസ്സുള്ളപ്പോൾ മാത്രമായിരുന്നു വിവാഹം. തന്നെ പഠിപ്പിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലായത് കൊണ്ടാണ് വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചത്. ഇത്രയും നേരത്തെ വിവാഹം കഴിക്കുന്നത് ഇഷ്ടമായിരുന്നില്ല എങ്കിലും അച്ഛന്റെ ഇഷ്ടത്തിന് സമ്മതിക്കുക ആയിരുന്നു.

15 വർഷമായി താൻ ഈ മേഖലയിൽ ജോലി ചെയ്യുന്നു. ഇപ്പോഴും സ്വന്തമായി ഒരു വീടില്ല. അതിനുള്ള ശ്രമത്തിലാണ്. ആകെ ഒരു കാർ മാത്രമാണ് വാങ്ങാൻ കഴിഞ്ഞത്. സ്വന്തമായി സമ്പാദിക്കണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്തെങ്കിലും ഒരു സാധനം കണ്ട് ഇഷ്ടപെട്ടാൽ അത് വാങ്ങി തരുമോ എന്ന് മറ്റൊരാളോട് ചോദിക്കരുത് എന്നുണ്ടായിരുന്നു. സ്വന്തം കാലിൽ നിൽക്കണം എന്നതായിരുന്നു തന്റെ തീരുമാനമെന്ന് ആര്യ പറയുന്നു.