മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സംഭാവന ചെയ്ത സംവിധായകനാണ് സിബി മലയില്‍ . മോഹൻലാൽ ഉൾപ്പെടെയുള്ള നടന്മാരുടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നതിൽ സിബി മലയിൽ ചിത്രങ്ങൾക്ക് ഉള്ള പങ്ക് ചെറുതല്ല. ഒരു നീണ്ട ഇടവേളക്കു ശേഷം അദ്ദേഹം കൊത്ത് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. ഈ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിൽ നടൻ പൃഥ്വിരാജൂമായുള്ള പിണക്കത്തെ കുറിച്ചുള്ള കാരണം അദ്ദേഹം പറയുകയുണ്ടായി.

പൃഥ്വിരാജിനു തന്നോടുള്ള ദേഷ്യം ഒരിക്കലും മാറില്ലന്നു തോന്നുന്നതായി സിബി മലയിൽ പറയുന്നു. സിബി മലയിൽ സംവിധാനം ചെയ്ത അമൃതം എന്ന ചിത്രത്തിൽ ജയറാമിന്റെ അനുജനായി നിശ്ചയിച്ചിരുന്നത് പൃഥ്വിരാജിനെ ആയിരുന്നു. എന്നാൽ പിന്നീട് ഇതിൽ നിന്നും പൃഥ്വിരാജിനെ ഒഴിവാക്കേണ്ടതായി വന്നു. ഇതാണ് പിണക്കത്തിന് കാരണമെന്ന് സിബി പറയുന്നു.

അമൃതം എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടി ചിത്രത്തിന്റെ പ്രൊഡ്യൂസറും റൈറ്ററും പൃഥ്വിരാജിനെ കണ്ടിരുന്നു. എന്നാൽ താൻ അദ്ദേഹത്തെ നേരിട്ട് പോയി കണ്ടിട്ടില്ലെന്ന് സിബി മലയിൽ പറയുന്നു. അന്ന് പൃഥ്വിരാജ് ചോദിക്കുന്ന പ്രതിഫലം കൂടുതലാണെന്ന് നിർമാതാവ് പറഞ്ഞു. അത് തനിക്ക് ഇടപെടാൻ പറ്റാത്ത കാര്യമായിരുന്നു. അതുകൊണ്ടു തന്നെ ആ കഥാപാത്രത്തിന് വേണ്ടി എത്ര ബഡ്ജറ്റ് ആണ് ഉള്ളതെന്ന് പൃഥ്വിരാജിനെ അറിയിക്കാൻ അവരോട് പറഞ്ഞു. അവർ അതേക്കുറിച്ച് പൃഥ്വിരാജിനോട് സംസാരിച്ചെങ്കിലും ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ല. അതോടെയാണ് ആ കഥാപാത്രത്തിന് വേണ്ടി അരുണിനെ കാസ്റ്റ് ചെയ്യുന്നത്. അന്ന് പൃഥ്വിരാജുമായി നിർമ്മാതാവ് എന്താണ് സംസാരിച്ചതെന്ന് തനിക്കറിയില്ല.

പക്ഷേ ആ ചിത്രത്തിൽ നിന്നും പൃഥ്വിരാജിനെ ഒഴിവാക്കിയത് താനാണെന്ന് ആണ് അദ്ദേഹം കരുതിയിരിക്കുന്നത്. താനിത് മനസ്സിലാക്കുന്നത് വളരെ വർഷങ്ങൾക്കു ശേഷമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴും തനിക്കും പൃഥ്വിരാജിനും ഇടയിൽ അകൽച്ചയുണ്ട്. അത് മാറേണ്ട ഘട്ടം കഴിഞ്ഞു, എന്നാൽ ഇനി അത് മാറുമോ എന്ന് അറിയില്ല. പക്ഷേ പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന സംസ്കാരം ലഭിക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ചത് താന്‍ കൂടി ആണെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.